അച്ചടക്കനടപടി ഉൾപ്പെടുത്തി പരീക്ഷ മാന്വൽ ഭേദഗതി ചെയ്യണം –ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: പരീക്ഷ മൂല്യനിർണയത്തിൽ കൃത്യവിലോപം വരുത്തുന്ന അധ്യാപകരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി വിദ്യാർഥികൾക്ക് നൽകണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഉത്തരവിട്ടു.
ഇതടക്കമുള്ള അച്ചടക്ക നടപടികൾ ഉൾപ്പെടുത്തി പരീക്ഷ മാന്വൽ ഭേദഗതി ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ ജനറൽ, ഹയർ സെക്കൻഡറി പരീക്ഷവിഭാഗം ജോയൻറ് ഡയറക്ടർ എന്നിവരോട് കമീഷൻ ആവശ്യപ്പെട്ടു.
മൂല്യനിർണയം നടത്തുന്ന അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഉപേക്ഷയും കുറ്റകരമായ അനാസ്ഥയും മൂലം വിദ്യാർഥികൾക്കുണ്ടാകുന്ന അപരിഹാര്യമായ നഷ്ടങ്ങളെക്കുറിച്ച് ഇത്തരക്കാരായ അധ്യാപകരെ ഓർമപ്പെടുത്തുന്നതിനും കുറ്റകൃത്യം ആവർത്തിക്കാതിരിക്കുന്നതിനും കടുത്ത നടപടികൾ ആവശ്യമാണെന്ന് കമീഷൻ അംഗം റെനി ആൻറണി പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
കൊല്ലം തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ മകൾക്ക് ഇംഗ്ലീഷിന് മാത്രം ബി പ്ലസ് ആയതിനെ തുടർന്ന് നൽകിയ അപേക്ഷയാണ് ഉത്തരവിന് ആധാരം.
പരീക്ഷക്കടലാസിെൻറ സ്കോർഷീറ്റിൽ 65 മാർക്ക് ഉണ്ടായിരുന്നിട്ടും കൂട്ടി എഴുതിയത് 43 എന്നാണെന്നും പുനർമൂല്യനിർണയത്തിൽ 72 മാർക്ക് ലഭിെച്ചന്നും പിതാവ് കമീഷന് നൽകിയ പരാതിയിൽ ബോധിപ്പിച്ചു.
പരീക്ഷ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചമൂലം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്കുള്ള അംഗീകാരം മകൾക്ക് ലഭിച്ചില്ലെന്നും മകൾക്ക് ഏറെ മനോവിഷമം ഉണ്ടാക്കിയതായും പറഞ്ഞു. നഷ്ടപരിഹാരമായി ഉത്തരവാദികളായ അധ്യാപികയിൽ നിന്നും ചീഫ് എക്സാമിനറിൽ നിന്നും 25,000 രൂപ വീതം ഈടാക്കി മൊത്തം 50,000 രൂപ ഹരജിക്കാരെൻറ മകൾക്ക് നൽകണമെന്നും കമീഷൻ ഉത്തരവിട്ടു.
മാർക്കുകൾ കൂട്ടുന്നതിലെ ജാഗ്രതയില്ലായ്മ, പുനർമൂല്യനിർണയത്തിൽ 29 മാർക്ക് അധികം കിട്ടുന്ന സാഹചര്യം എന്നിവ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള അക്ഷന്തവ്യമായ കൃത്യവിലോപമായി കണക്കാക്കണമെന്ന് കമീഷൻ വിലയിരുത്തി.
ഇത്തരം പിഴവുകൾ കുട്ടികളുടെ ആത്മാഭിമാനത്തെ തകർക്കുന്നതിനും ഉപരിപഠന സാധ്യതകൾ നഷ്ടപ്പെടുത്തുന്നതിനും കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് നയിക്കുന്നതിനും ഇടവരുത്തുമെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.