മൂല്യനിര്‍ണയ പ്രതിസന്ധി ‘പാര്‍ട്ട് ഓഫ് ഡ്യൂട്ടി’ മറികടക്കാന്‍ കുറുക്കുവഴി തേടി സിന്‍ഡിക്കേറ്റ്
text_fieldsതേഞ്ഞിപ്പലം: ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജോലിയുടെ ഭാഗമാണെന്ന യു.ജി.സി നിബന്ധന മറികടക്കാന്‍ ബദല്‍ മാര്‍ഗം തേടി കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ്. റെഗുലര്‍ അധ്യാപകര്‍ തങ്ങളുടെ പഠനവകുപ്പുകളിലെ കുട്ടികളുടെ എണ്ണത്തെക്കാള്‍ അധികമായി മൂല്യനിര്‍ണയം നടത്തുന്ന ഉത്തരക്കടലാസുകള്‍ക്ക് വേതനം വര്‍ധിപ്പിക്കാനാണ് ശ്രമം. മൂല്യനിര്‍ണയത്തിന് അധ്യാപകരെ അടുപ്പിക്കാന്‍ മറ്റ് പോംവഴിയില്ലാത്തതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
സ്വാശ്രയ കോളജ്, വിദൂര വിദ്യാഭ്യാസ വിഭാഗം എന്നിവിടങ്ങളിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയവും റെഗുലര്‍ അധ്യാപകരാണ് നിര്‍വഹിക്കുന്നത്. ഈ പേപ്പറുകള്‍ക്ക് തുക കൂട്ടിയാണ് പരിഹാരമുണ്ടാക്കുന്നത്. കേരള സര്‍വകലാശാലയിലും ഇത്തരമൊരു പരിഹാരമാണ് സിന്‍ഡിക്കേറ്റ് പരിഗണിക്കുന്നത്.
യു.ജി.സി നിബന്ധന പ്രകാരം അധ്യാപകരുടെ ജോലിയുടെ ഭാഗമാണ് മൂല്യനിര്‍ണയം. യു.ജി.സി ശമ്പളം കൈപ്പറ്റുന്ന അധ്യാപകര്‍ക്കാണ് ഇത് ബാധകമാവുക. നിബന്ധന നടപ്പാക്കുമ്പോള്‍, തങ്ങളുടെ കോളജിലെ ബന്ധപ്പെട്ട വിഷയത്തിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ഉത്തരക്കടലാസേ സൗജന്യമായി മൂല്യനിര്‍ണയം നടത്തേണ്ടതുള്ളൂ. ഇതിനപ്പുറം ഇവരെ നിര്‍ബന്ധിക്കാന്‍ സര്‍വകലാശാലക്ക് അധികാരവുമില്ല. അധ്യാപകര്‍ ക്യാമ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതോടെ പരീക്ഷാസംവിധാനം തന്നെ താളംതെറ്റും.
സ്വാശ്രയ കോളജ്- വിദൂര വിഭാഗം കോഴ്സുകളുടെ മൂല്യനിര്‍ണയത്തിന് വിരമിച്ച അധ്യാപകര്‍ ഉള്‍പ്പെടുന്നവരുടെ പാനല്‍ ഉണ്ടാക്കിയെങ്കിലും അധ്യാപകരുടെ കുറവ് നേരിടുന്നുണ്ട്. സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ ഭൂരിപക്ഷവും സ്വാശ്രയമേഖലയിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ മൂല്യനിര്‍ണയത്തിന് അധ്യാപകരെ അയക്കുന്നതും കുറവാണ്. 15ന് നടക്കുന്ന കോളജ് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ വേതന വര്‍ധന ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. അധ്യാപക ബഹിഷ്കരണം മൂലം ഡിഗ്രിയുടെ രണ്ട്, നാല് സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയം മുടങ്ങിയതോടെയാണ് പുതിയ പരിഹാര നിര്‍ദേശങ്ങളുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.