നാല് വർഷ ബിരുദ മറവിൽ ‘പരീക്ഷ ഫീസ് കൊള്ള’
text_fieldsതിരുവനന്തപുരം: നാല് വർഷ ബിരുദ കോഴ്സ് മറയാക്കി കാലിക്കറ്റിന് പിന്നാലെ പരീക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് കേരള സർവകലാശാലയും. സർവകലാശാലകളുടെ ചുമതലയിൽനിന്ന് മാറ്റി കോളജുകളെ ഏൽപിച്ച പ്രാക്ടിക്കൽ പരീക്ഷക്കും സർവകലാശാല ഫീസ് വർധിപ്പിച്ചു.
റെഗുലർ പരീക്ഷക്ക് പേപ്പർ ഒന്നിന് 50 രൂപയായിരുന്നത് 150 രൂപയാക്കിയാണ് കേരള സർവകലാശാല വർധിപ്പിച്ചത്. ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷക്ക് പേപ്പർ ഒന്നിന് 50 രൂപയുണ്ടായിരുന്നത് യഥാക്രമം 200ഉം 300ഉം രൂപയാക്കി. പ്രാക്ടിക്കൽ പരീക്ഷയുള്ള വിഷയങ്ങൾക്ക് റെഗുലറിന് 250 രൂപയും ഇംപ്രൂവ്മെന്റിന് 300 രൂപയും സപ്ലിമെന്ററിക്ക് 350 രൂപയുമാക്കി. റെഗുലർ കോഴ്സുകളുടെ ഇവാല്വേഷൻ ഫീസ് 300 രൂപയും ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററിക്ക് 500 രൂപയുമാക്കി. മാർക്ക് ഷീറ്റിനുള്ള ഫീസ് 75 രൂപ.
നാല് വർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി ഒറ്റ സെമസ്റ്റർ (ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ) പരീക്ഷകളുടെ നടത്തിപ്പ് ബന്ധപ്പെട്ട കോളജുകൾക്ക് കൈമാറി. ഇരട്ട സെമസ്റ്റർ (രണ്ട്, നാല്, ആറ്, എട്ട്) പരീക്ഷ നടത്തിപ്പ് മാത്രമേ സർവകലാശാലയുടെ ചുമതലയിലുള്ളൂ. പ്രാക്ടിക്കൽ പരീക്ഷ നടത്തിപ്പ് പൂർണമായും കോളജുകളുടെ ചുമതലയാണ്. എന്നിട്ടും പ്രാക്ടിക്കൽ പരീക്ഷക്ക് സർവകലാശാല ഫീസ് ചുമത്തുന്നു. നാല് വർഷ കോഴ്സ് നടപ്പാക്കുന്നതോടെ പരീക്ഷ നടത്തിപ്പ് ചെലവ് കുറയുമെന്നാണ് സർക്കാർ പ്രതീക്ഷ. മൂന്ന് മണിക്കൂർ പരീക്ഷ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെയാക്കി ചുരുക്കി.
ഇതിന് പുറമെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ആവശ്യമില്ല. പകുതി പരീക്ഷകളുടെ ചോദ്യപേപ്പർ തയാറാക്കുന്നത് കോളജുകളാണ്. എന്നിട്ടും പരീക്ഷ ഫീസ് നാലിരട്ടി വരെയാണ് സർവകലാശാലകൾ വർധിപ്പിച്ചത്. നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നത് വഴി ഫീസ് വർധന ഉണ്ടാകില്ലെന്നായിരുന്നു സർക്കാർ വാദം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച നാല് വർഷ കോഴ്സുകളുടെ ഫീസ് വർധനവിന് സർവകലാശാലകൾ സർക്കാറിന്റെ അനുമതി തേടിയിട്ടുമില്ല.
എസ്.സി/എസ്.ടി വിദ്യാർഥികൾ സർക്കാർ നൽകുന്ന ഇ-ഗ്രാൻറ് ഉപയോഗിച്ചാണ് പഠന, പരീക്ഷ ചെലവുകൾ കണ്ടെത്തുന്നത്. ഇ-ഗ്രാന്റ്സിൽ വർധനവ് വരുത്താതെ തോന്നുംപടിയുള്ള ഫീസ് വർധിപ്പിച്ചത് നിർധന വിദ്യാർഥികളെ പ്രതിസന്ധിയിലാക്കും. കാലിക്കറ്റിലെ ഫീസ് വർധനക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേരളയിലും ഫീസ് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവും ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.