ലൈംഗികാതിക്രമ ഇരകളുടെ പരിശോധന: ഗൈനക്കോളജിസ്റ്റുകളുടെ ഹരജി തള്ളി
text_fieldsകൊച്ചി: ലൈംഗികാതിക്രമ സംഭവങ്ങളിൽ ഇരകളുടെ വൈദ്യപരിശോധനക്ക് ഗൈനക്കോളജിസ്റ്റുകൾക്ക് മാത്രം അധികാരം നൽകുന്ന പ്രോട്ടോകോൾ ഭേദഗതിക്കെതിരായ ഹരജി ഹൈകോടതി തള്ളി. 2019ലെ കേരള മെഡിക്കോ - ലീഗൽ പ്രൊട്ടോകോളിലെ ബന്ധപ്പെട്ട ഭേദഗതി നിയമവിരുദ്ധവും അനുചിതവും ദേശീയ- അന്തർദേശീയ മാർഗരേഖക്ക് വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മേഖലയിലെ ഒരു കൂട്ടം ഗൈനക്കോളജിസ്റ്റുകൾ നൽകിയ ഹരജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്.
എല്ലാ പീഡന കേസുകളിലും ഈ ഭേദഗതി ബാധകമാക്കിയിട്ടില്ലെന്നും ലൈംഗിക ബന്ധം നടന്നിട്ടുള്ള കേസുകളിൽ മാത്രമാണ് വ്യവസ്ഥ ബാധകമെന്നുമുള്ള സർക്കാറിന്റെയും പൊലീസിന്റെയും വിശദീകരണം പരിഗണിച്ചാണ് ഉത്തരവ്.
ഭേദഗതിക്കുമുമ്പ് രജിസ്റ്റേർഡ് ഡോക്ടർമാർക്കെല്ലാം ഇരകളെ പരിശോധിക്കാൻ അധികാരമുണ്ടായിരുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ മറ്റ് ഡോക്ടർമാർക്കുള്ള അറിവും വൈദഗ്ധ്യവും മാത്രമാണ് ഗൈനക്കോളജിസ്റ്റുകൾക്കുമുള്ളത്. പ്രത്യേക പ്രാഗല്ഭ്യമോ ഫോറൻസിക് സയൻസ് അവഗാഹമോ തങ്ങൾക്കില്ല. ഗൈനക്കോളജിസ്റ്റുകളുടെ ജോലിഭാരം വർധിപ്പിക്കുന്നതാണ് ഭേദഗതിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, പരിശോധനക്ക് ഗൈനക്കോളജിസ്റ്റുകളെ ചുമതലപ്പെടുത്തിയത് ഫോറൻസിക് തെളിവുശേഖരണം മാത്രം ലക്ഷ്യമാക്കിയല്ലെന്ന് സർക്കാർ വ്യക്തമാക്കി.
ഇരകൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാൻ ഇത് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. വ്യവസ്ഥപ്രകാരം അനിവാര്യമായ കേസുകളിലാണ് ഗൈനക്കോളജിസ്റ്റുകളുടെ പരിശോധന വേണ്ടിവരുന്നതെന്ന് പൊലീസും വ്യക്തമാക്കി. ലൈംഗികബന്ധം നടക്കാത്ത ശാരീരിക പീഡനങ്ങളിൽ മറ്റ് ഡോക്ടർമാർക്കും പരിശോധന നടത്താൻ തടസ്സമില്ലെന്നും സർക്കാറും പൊലീസും അറിയിച്ചു. ഇതിൽനിന്ന് അധികൃതരുടെ കരുതലാണ് ബോധ്യമാകുന്നതെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ബന്ധപ്പെട്ട അധികൃതരെ ഹരജിക്കാർക്ക് സമീപിക്കാമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.