ഒമ്പതുവരെ ക്ലാസുകൾക്ക് പരീക്ഷ ഏപ്രിൽ ആദ്യം; അധ്യയനം മാർച്ച് അവസാനം വരെ
text_fieldsതിരുവനന്തപുരം: സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പാഠഭാഗങ്ങൾ മാർച്ച് 31 വരെ പഠിപ്പിക്കാനും ഏപ്രിൽ ആദ്യവാരം വാർഷിക പരീക്ഷ നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഗുണമേന്മ മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. വാർഷിക പരീക്ഷകൾക്കുള്ള ചോദ്യപേപ്പർ തയാറാക്കാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തി.
എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷ തീയതിയും ഫോക്കസ് ഏരിയ സംബന്ധിച്ച തീരുമാനവും മാറ്റില്ലെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.
ഫെബ്രുവരി 21 മുതൽ വിദ്യാലയങ്ങൾ പൂർണമായി പ്രവൃത്തിക്കുന്നതിന്‍റെ മുന്നോടിയായി ജില്ല കലക്ടർമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമാർ എന്നിവരുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. 21നകം സ്കൂളുകളിൽ പി.ടി.എ യോഗവും ക്ലാസ് പി.ടി.എകളും ചേരും. ഫെബ്രുവരി 21 മുതൽ ഓൺലൈൻ ക്ലാസ് നിർബന്ധമല്ല. ആവശ്യമുള്ളവർക്ക് ഓൺലൈൻ ക്ലാസ് എടുക്കാം. അസുഖംമൂലം ക്ലാസില്‍ വരാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പഠന പിന്തുണ നൽകണം. വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾ തുടരും.
കുട്ടികളിൽ മാനസിക സംഘര്‍ഷങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ മൊബൈൽ ഫോണിന്‍റെ അമിത ഉപയോഗം സംബന്ധിച്ച് ബോധവത്കരണം നടത്തും. സ്കൂളിലെത്തുന്ന കുട്ടികൾ യൂനിഫോം ധരിക്കണം. എന്നാൽ, ധരിക്കാത്ത കുട്ടികളെ ശിക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവിൽ വ്യക്തത വരുത്തുമെന്നും കോവിഡ് സാഹചര്യത്തിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശനിയാഴ്ചകൾ മാത്രമായിരിക്കും സ്കൂളുകൾ പ്രവർത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. പൊതുപരീക്ഷകളുടെ നടത്തിപ്പ്, കെ.ടെറ്റ് പരീക്ഷ, ഉച്ചഭക്ഷണ പദ്ധതി, പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപകരുടെ വർക്ക് ഫ്രം ഹോം തുടങ്ങിയവ സംബന്ധിച്ച് അധ്യാപക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ രേഖാമൂലം സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു. ഇതുസംബന്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേകം യോഗം ചേരാമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.