അധികപ്പെയ്ത്ത്: ഇത്തവണ ലഭിച്ചത് 39 ശതമാനം അധികമഴ
text_fieldsതിരുവനന്തപുരം: മേഘവിസ്ഫോടനങ്ങളും അതി തീവ്രമഴയുമായി വിറങ്ങലിച്ച കേരളത്തിന് വേനൽക്കാലത്ത് ലഭിച്ചത് 39 ശതമാനം അധികമഴ. എൽനിനോ പ്രതിഭാസത്തെ തുടർന്ന് കഴിഞ്ഞ വർഷം 34 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇത്തവണ പെരുമഴ ആശ്വാസമായത്. മാർച്ച് ഒന്നുമുതൽ മേയ് 31വരെയുള്ള പ്രീ മൺസൂൺ സീസണിൽ കേരളം പ്രതീക്ഷിക്കുന്നത് 359.1 മി.മീറ്റർ മഴയാണ്. 2023ൽ പെയ്തിറങ്ങിയത് 236.4 മി. മീറ്റർ മാത്രമായിരുന്നെങ്കിൽ ഇത്തവണ ലഭിച്ചത് 500.1 മി.മീറ്ററാണ്.
ഏപ്രിൽ അവസാനിക്കുമ്പോൾ 62 ശതമാനമായിരുന്നു വേനൽമഴയുടെ കുറവ്. ചൂടിൽ ഉരുകിയൊലിച്ച കേരളത്തിൽ മേയ് പകുതിയോടെയാണ് മഴ ശക്തമായത്. തുടർന്ന് 10 ദിവസത്തിനുള്ളിൽ തന്നെ പ്രതീക്ഷിച്ചതിനേക്കാളും 36 ശതമാനം അധികം മഴ ലഭിച്ചു.
മേയ് 15 വരെ ഉഷ്ണതരംഗത്തിൽ വിയർത്തൊലിച്ച പാലക്കാടിന് മേയ് 31 ആകുമ്പോഴേക്കും ലഭിച്ചത് 44 ശതമാനം അധികമഴയാണ്. കഴിഞ്ഞ വർഷം പത്തനംതിട്ട ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞെങ്കിൽ ഇത്തവണ ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും കൂടുതൽ മഴ ലഭിച്ചു.
മഴ കുറയുമെന്ന് പ്രതീക്ഷിച്ച വയനാട്ടിൽ രണ്ട് ശതമാനം അധികമഴ ലഭിച്ചു. ഇടുക്കിയിൽ 19 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാൽ ഈ കുറവ് ഫലത്തിൽ അനുഗ്രഹമായിട്ടാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. എറണാകുളത്തും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തുമുണ്ടായ അതിതീവ്രമഴകൾ മലയോര ജില്ലകളായ ഇടുക്കിയിലും വയനാടും പെയ്തിറങ്ങിയിരുന്നെങ്കിൽ ഉരുൾപൊട്ടലടക്കമുള്ള ദുരന്തങ്ങൾക്ക് സാക്ഷ്യംവഹിച്ചേനെ.
മൂന്ന് മാസത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ് -90 ശതമാനം. 441.4 മി.മീറ്റർ പ്രതീക്ഷിച്ചിടത്ത് ലഭിച്ചത് 837.2 മി.മീറ്റർ. കഴിഞ്ഞ വർഷം 30 ശതമാനം മഴക്കുറവാണ് ജില്ലയിലുണ്ടായത്. തൊട്ടുപിന്നിൽ കോട്ടയമാണ് -87 ശതമാനം. കഴിഞ്ഞ വർഷം 71 ശതമാനം മഴകുറവ് രേഖപ്പെടുത്തിയ കാസർകോട് ഇത്തവണ 29 ശതമാനം അധികമഴയാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.