അധികനിർമാണങ്ങൾക്ക് വാങ്ങിയ അമിത ഫീസ്; വ്യക്തതയില്ലാതെ തദ്ദേശവകുപ്പ്
text_fieldsതിരുവനന്തപുരം: നിലവിലെ കെട്ടിടങ്ങൾക്ക് മുകളിലെ നിർമാണങ്ങൾക്ക് മൊത്തം കെട്ടിടത്തിന്‍റെ ഏരിയ കണക്കാക്കി ഫീസ് ഈടാക്കുന്ന രീതി അവസാനിപ്പിച്ച് ഉത്തരവിറങ്ങിയെങ്കിലും ആശയക്കുഴപ്പം തുടരുന്നു. അധിക ഫീസ് അധിക നിർമാണങ്ങൾക്ക് മാത്രം വാങ്ങിയാൽ മതിയെന്നാണ് പുതിയ തീരുമാനം. പക്ഷേ, അപേക്ഷ ഫീസിനത്തിൽ ഒരുവർഷത്തോളമായി അധികമായി വാങ്ങിയ കോടികൾ മടക്കി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
കഴിഞ്ഞ ഏപ്രിലിൽ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വിവിധ ഫീസുകൾ പത്തിരട്ടി വർധിപ്പിച്ചതിന് പിന്നാലെയാണ് ഈ അശാസ്ത്രീയ പണപ്പിരിവും തുടങ്ങിയത്. സാധാരണ ഗതിയിൽ വർഷങ്ങളായി നികുതി ഒടുക്കിവരുന്ന ഒരുകെട്ടിടത്തിന് മുകളിലോ ഒപ്പമോ കൂടുതൽ നിർമാണം നടത്തുകയാണെങ്കിൽ ആ ഏരിയ മാത്രം കണക്കാക്കി പെർമിറ്റ് ഫീസ് അടച്ചാൽ മതിയാകുമായിരുന്നു.
പുതിയ പരിഷ്കാര പ്രകാരം വർഷങ്ങളായി നികുതി ഒടുക്കിവരുന്ന കെട്ടിടമാണെങ്കിലും അതിന്‍റെ ആകെ ഏരിയയും, ഒപ്പം പുതുതായി കൂട്ടിച്ചേർക്കാൻ പോകുന്ന ഏരിയയും ഉൾപ്പെടെ കണക്കുകൂട്ടി മൊത്തം ഏരിയക്ക് ഫീസ് അടക്കണമെന്നായിരുന്നു നിർദേശം.
ഈ അശാസ്ത്രീയ രീതി ചോദ്യംചെയ്ത് നിരവധി പരാതികൾ ലഭിച്ചിട്ടും ഒരു കൊല്ലത്തിനിപ്പുറം കഴിഞ്ഞദിവസമാണ് ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി. രാജമാണിക്യം വകുപ്പ് സ്പെഷൽ സെക്രട്ടറിക്ക് ശിപാർശ സമർപ്പിച്ചത്. ഈ ശിപാർശ അംഗീകരിച്ചാൽതന്നെ ഈടാക്കിയ അധിതതുക അപേക്ഷകർക്ക് മടക്കുന്ന കാര്യത്തിൽ തീരുമാനമില്ല.
ഏപ്രിലിൽ അപേക്ഷ ഫീസടക്കം വർധിപ്പിച്ചപ്പോൾ 2022 ഡിസംബർ മുതൽ നൽകിയ അപേക്ഷകർക്കും വർധിപ്പിച്ച പത്തിരട്ടി ഫീസ് ഈടാക്കിയിരുന്നു. വലിയ പ്രതിഷേധം ഉയർന്നതോടെ പഴയ അപേക്ഷകരിൽനിന്ന് അധികം വാങ്ങിയ തുക 2025 ലെ നികുതിയിൽ കുറവ് ചെയ്യുമെന്ന് മന്ത്രി എം.ബി. രാജേഷ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.
കെ- സ്മാർട്ട് പരിഷ്കാരവും വട്ടം കറക്കുന്നു
തിരുവനന്തപുരം: കെ-സ്മാർട്ട് സോഫ്റ്റ് വെയറിലെ ‘പരിഷ്കാരവും’ കെട്ടിട നിർമാണ അപേക്ഷകരെ വട്ടം ചുറ്റിക്കുന്നു. നിലവിലെ കെട്ടിടത്തിന്‍റെ മുകളിലോ, അനുബന്ധമായോ കൂട്ടിച്ചേർക്കൽ നടത്തിയാൽ അതിനുള്ള ഒക്യുപെൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചാൽ കിട്ടുന്നത് പുതിയ കെട്ടിട നമ്പർ. നിലവിലെ കെട്ടിടത്തിന് മുകളിൽ മറ്റൊരു നിർമാണം നടത്തി, അതിന് പ്രത്യേകം കെട്ടിട നമ്പറിനായി അപേക്ഷിച്ചാൽ കിട്ടുന്നതാകെട്ട രണ്ടിനും പുതിയ കെട്ടിട നമ്പർ.
കെട്ടിട നമ്പർ മാറുമ്പോൾ അതിനനുസരിച്ച് അപേക്ഷകൻ അയാളുടെ മറ്റെല്ലാ രേഖകളിലും പുതിയ കെട്ടിട നമ്പർ ചേർക്കേണ്ടിവരും. കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നുവേണ്ട എല്ലാ രേഖകളിലും പുതിയ കെട്ടിട നമ്പർ ഉൾക്കൊള്ളിക്കേണ്ടിവരും. ഇക്കാര്യവും പരാതികളായി എത്തിയിട്ടും പരിഹാരം ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.