കോവിഡ് ചികിത്സക്ക് അമിത നിരക്ക്: അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്
text_fieldsആലുവ: കോവിഡ് ചികിത്സക്ക് അമിത നിരക്ക് ഇടാക്കിയെന്ന പരാതിയിൽ ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെ കേസ്. ആലുവ കൊടികുത്തിമല പരുത്തിക്കൽ നസീർ എന്നയാളുടെ പരാതിയിലാണ് നടപടി. ഇയാളുടെ ബന്ധുവിന്‍റെ ചികിത്സക്ക് അമിത നിരക്ക് ഈടാക്കിയെന്നാണ് പരാതി. തുടർന്നാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. എറണാകുളം ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ജില്ലാ ആരോഗ്യവിഭാഗവും അന്വേഷണം ആരംഭിച്ചു.
ചികിത്സാ ഫീസുമായി ബന്ധപ്പെട്ട പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് എ.ഡി.എം.ഒമാരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്. ഇവർ ഞായറാഴ്ചയും ഇന്നും ആശുപത്രി സന്ദർശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ ആശുപത്രിയിൽ അഞ്ച് ദിവസത്തെ പി.പി.ഇ കിറ്റിന് തൃശൂർ സ്വദേശിയായ രോഗിയിൽ നിന്ന് 37,352 രൂപയാണ് ഈടാക്കി എന്നായിരുന്നു ഒരു പരാതി. 1,67,381 രൂപയാണ് പത്ത് ദിവസത്തെ ആശുപത്രി വാസത്തിന് അൻസൻ എന്ന രോഗിയ്ക്ക് കൊടുക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയും ആശുപത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. 23 മണിക്കൂര്‍ ചികിത്സയ്ക്ക് ഇവരോട് 24,760 രൂപ വാങ്ങിയെന്നാണ് പരാതി.
അതേസമയം, പൊലീസ് കേസെടുത്തത് സംബന്ധിച്ച് വിവരങങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ആശുപത്രി ഡയരക്ടർ മനീഷ് ബാബു 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. ''ആരോപണങ്ങളിൽ കഴമ്പില്ല. ആരോടും അമിത നിരക്ക് ഈടാക്കിയിട്ടില്ല. ഒരുനേരത്തെ കഞ്ഞിക്ക് 1300 രൂപ ഈടാക്കിയെന്ന വാർത്ത തെറ്റാണ്. ഈ രോഗിക്ക് രണ്ടുദിവസം ഭക്ഷണം വാങ്ങിനൽകിയിട്ടുണ്ട്. മറ്റുരോഗികളുടെ ബില്ല് സംബന്ധിച്ച വിശദവിവരങ്ങൾ അന്വേഷണ സംഘം മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ഇവരുടെ സ്പ്ലിറ്റ് ബില്ല് എ.ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറിയിട്ടുണ്ട്'' -മനീഷ് പറഞ്ഞു.
ആലുവ കൊടികുത്തിമല സ്വദേശി പൊലീസിൽ നൽകിയ പരാതിയുടെ പകർപ്പ്:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.