സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചില്ല; എക്സൈസ് ഡ്രൈവർ നിയമനം ത്രിശങ്കുവിൽ
text_fieldsശാസ്താംകോട്ട: സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും അനുദിനം വർധിച്ചിട്ടും നിയന്ത്രിക്കാൻ കഴിയാതെ എക്സൈസ് വകുപ്പ്. എൻഫോഴ്സ്മെൻറ് പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കാൻ കഴിയാതെ വന്നിട്ടും എക്സെസ് ഡ്രൈവറുടെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാൻ വകുപ്പ് അധികൃതർ തായാറാകുന്നില്ല. മതിയായ ജീവനക്കാരില്ലാത്തത് മൂലം എക്സൈസ് പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. വകുപ്പിന് കീഴിലുള്ള വാഹനങ്ങൾക്ക് മതിയായ ഡ്രൈവർമാർ ഇല്ലാത്തതാണ് പ്രധാനകാരണം.
സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന 90 ശതമാനം ക്രിമിനൽ കേസുകളും ലഹരിയുമായി ബന്ധപ്പെട്ടവയാണ്. ലഹരിക്കേസുകൾ ഇത്രമാത്രം വർധിച്ചിട്ടും ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കാതെ പത്തോളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു എക്സൈസ് ഓഫിസാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. ഡ്രൈവർ പോസ്റ്റ് ക്രിയേഷനുള്ള ഫയൽ ധനവകുപ്പ് നിരാകരിക്കുന്നതാണ് ഈ അവസ്ഥക്ക് കാരണം.
എക്സൈസ് ഡ്രൈവർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ട് ഒരുവർഷമായെങ്കിലും ഇക്കാരണത്താൽ ഒന്നാംറാങ്ക് വാങ്ങിയ ഉദ്യോഗാർഥിക്കുപോലും ജോലികിട്ടാത്ത അവസ്ഥയാണ്. ചെലവുചുരുക്കൽ നയ ഭാഗമായി ഡ്രൈവർ റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കാതെ ഡിപ്പാർട്ട്മെൻറ് സ്റ്റാഫുകളെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നത് അധാർമികവും ഉദ്യോഗാർഥികളോടുള്ള സർക്കാറിന്റെ അവഹേളനവുമാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു.
റാങ്ക് ലിസ്റ്റിൽപ്പെട്ട ഉദ്യോഗാർഥികൾ പ്രായപരിധി അവസാനിച്ചവരും ഇനി പി.എസ്.സി പരീക്ഷയെഴുതാൻ കഴിയാത്തവരുമാണ്. ഇതുമായി ബന്ധപ്പെട്ട് പലതവണ മന്ത്രിക്ക് നിവേദനം കൊടുത്തെങ്കിലും നിരാശയായിരുന്നു ഫലം.
സർക്കാറിന്റെ ഇതുസംബസിച്ച പ്രവർത്തനങ്ങളെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഉദ്യോഗാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.