എക്സൈസ് സേനക്ക് ഡോഗ് സ്ക്വാഡിനെ അനുവദിക്കും -മന്ത്രി രാജേഷ്
text_fieldsതൃശൂർ: സിന്തറ്റിക് ഡ്രഗ് കണ്ടെത്താനും അതിർത്തിയിൽ ഉൾപ്പെടെ പരിശോധന ശകതമാക്കാനും ഡ്രഗ് ഡിറ്റക്ടറുകളും പൊലീസ് സേന മാതൃകയിൽ ഡോഗ് സ്ക്വാഡും എക്സൈസ് വകുപ്പിന് അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്. എക്സൈസ് വകുപ്പിൽ സ്തുത്യർഹസേവനം നടത്തിയ ഉദ്യോഗസ്ഥർക്കും ഓഫിസുകൾക്കുമുള്ള 2021ലെ മുഖ്യമന്ത്രിയുടെ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. സേനക്ക് പുതുതായി വാഹനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ആധുനികവത്കരണത്തിലൂടെ സാധിക്കും. വനിത സിവിൽ എക്സൈസ് ഓഫിസർമാർ സേനയുടെ ഭാഗമായി. പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് കൂടുതൽ പേരെ സേനയുടെ ഭാഗമാക്കും. വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ആധുനികസങ്കേതങ്ങൾ അനുവദിക്കും.
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെിരെ വിട്ടുവീഴ്ച ഇല്ലാതെ നടപടി ഉണ്ടാകുമെന്നും വകുപ്പിന്റെ സൽപ്പേരും ജനങ്ങളുടെ വിശ്വാസവും നിലനിർത്തി മുന്നോട്ടുപോകണമെന്നും മന്ത്രി ഓർമിപ്പിച്ചു. എക്സൈസ് അക്കാദമി ആൻഡ് റിസർച് സെന്റർ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലിന് അർഹരായ 26ഉം അഞ്ച് സേവനമേഖലകളിലെ പ്രവർത്തനമികവിന് 31ഉം കർമശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായ ഒമ്പതും ഉദ്യോഗസ്ഥർ ഉൾപ്പെടെ 66 പേർക്ക് മെഡൽ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.