ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ കുടുക്കാൻ എക്സൈസിന് വ്യാജ വിവരം നൽകിയയാളെ തിരിച്ചറിഞ്ഞു
text_fieldsതൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കാൻ എക്സൈസിന് വ്യാജ വിവരം നൽകിയയാളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തും തൃപ്പൂണിത്തുറ എരൂർ സ്വദേശിയുമായ നാരായണദാസാണ് ഷീലയുടെ കൈവശം ലഹരിമരുന്നുണ്ടെന്ന് എക്സൈസിന് വിവരം നൽകിയതെന്നാണ് കണ്ടെത്തൽ. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസി. കമീഷണര്‍ ടി.എം മജു കേസിൽ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷൻസ് കോടതിയിൽ റിപ്പോര്‍ട്ട് നൽകി. ഇയാളോട് ഫെബ്രുവരി എട്ടിന് ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയിട്ടുണ്ട്.
2023 ഫെബ്രുവരി 27നാണ് മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാംപ് കൈവശം വെച്ചന്ന കുറ്റത്തിന് ചാലക്കുടി ഷീ സ്റ്റൈൽ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ എക്സൈസ് പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഒരു ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് എക്സൈസ് വാർത്ത കുറിപ്പുമിറക്കി. തുടർന്ന് 72 ദിവസം ഷീല ജയിലിൽ കിടന്നു. വ്യാജ എൽ.എസ്.ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് രാസപരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടെങ്കിലും പരിശോധന ഫലം എക്സൈസ് സംഘം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെ സംഭവം ഏറെ വിവാദങ്ങൾക്കിടിയാക്കി. ഹൈകോടതിയിൽനിന്ന് ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്
തെറ്റായ വിവരം നൽകിയയാളെ കണ്ടെത്താൻ അന്വേഷണം തുടരുന്നതിനിടെ, തന്നെ പ്രതിയാക്കി ബലിയാടാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി ആരോപിച്ച് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ഹൈകോടതിയെ സമീപിച്ചിരുന്നു. ഷീല സണ്ണിയും മകനും തന്‍റെ രക്ഷിതാക്കളോട് കടബാധ്യത തീർക്കാൻ പത്ത് ലക്ഷം രൂപയും സ്വർണവും ആവശ്യപ്പെട്ടിരുന്നെന്നും പണം നൽകുന്നതിനെ താൻ എതിർത്തതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയർത്തുന്നതിന് പിന്നിലെന്നുമായിരുന്നു യുവതി അന്ന് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.