പഴം ഇറക്കുമതിയുടെ മറവിൽ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ എക്സൈസ് പരിശോധന
text_fieldsകാലടി: പഴം ഇറക്കുമതിയുടെ മറവിൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 1476 കോടിയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിൽ കാലടി മലയാറ്റൂർ റോഡിലെ യമീറ്റോ ഇന്റർനാഷനൽ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ എക്സൈസ് പരിശോധന നടത്തി. കമ്പനി മാനേജിങ് ഡയറക്ടർ അയ്യമ്പുഴ അമലാപുരം കിലുക്കൻ വീട്ടിൽ വിജിൻ വർഗീസിനെ (33) ലഹരി കടത്തുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ സംഘം മുംബൈയിൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് എറണാകുളം ജില്ല എൻഫോഴ്സ്മെന്റ് അസി. എക്സൈസ് കമീഷണർ ടെനി ബർണാഡിന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ പരിശോധന നടത്തി കമ്പനി പൂട്ടി സീൽ ചെയ്തത്. വിജിന്റെ സഹോദരനും പാർട്ണറുമായ ജിബിൻ വർഗീസിനെ എൻഫോഴ്സ്മെന്റ്, എക്സൈസ് വിഭാഗം വിളിച്ചു വരുത്തിയായിരുന്നു പരിശോധന.
2018ൽ 35,000 രൂപ പ്രതിമാസ വാടകയിൽ കെട്ടിട ഉടമയായ പടയാട്ടി പോളച്ചനിൽനിന്ന് വാടകക്കെടുത്ത വെയർഹൗസിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഓറഞ്ച്, ആപ്പിൾ, പച്ചക്കറികൾ, വിവിധതരം ജ്യൂസുകൾ തുടങ്ങിയവയും ഇവിടെ വിൽപന നടത്തിയിരുന്നു. 20 രൂപക്ക് ഷാർജ ഷെയ്ക്ക് ഇവിടെനിന്ന് ലഭിക്കുമായിരുന്നുവെന്ന് സ്ഥിരം ഉപഭോക്താക്കൾ പറയുന്നു.
30 സെന്റ് സ്ഥലത്തുള്ള കെട്ടിടത്തിലും വീട്ടിലും എന്ത് നടന്നാലും പ്രദേശവാസികൾക്ക് അറിയാൻ സാധിക്കാത്ത തരത്തിലാണ് കെട്ടിടങ്ങൾ നിർമിച്ചിരുന്നത്. ശീതീകരിച്ച മുറികളിലാണ് ഇറക്കുമതി ചെയ്തിരുന്ന പഴവർഗങ്ങൾ സൂക്ഷിച്ചിരുന്നത്. രാത്രിയിലും പുലർച്ചയുമായിരുന്നു കണ്ടെയ്നറുകളിൽ ഇവിടെ ലോഡ് വന്നിരുന്നത്. പുറത്തുനിന്ന് ആർക്കും ഈ ഭാഗത്തേക്ക് പ്രവേശനം ഇല്ലായിരുന്നു. മുംബൈയിൽനിന്ന് വിജിൻ പഴവർഗങ്ങൾ കൊച്ചി തുറമുഖത്തും അവിടെനിന്ന് കണ്ടെയ്നറുകളിൽ യമീറ്റോയിലും എത്തിക്കുകയായിരുന്നുവെന്നും മറ്റൊന്നും അറിയില്ലെന്നും ജിബിൻ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കെട്ടിടത്തിന് പിന്നിലായി കുറെ കടലാസുകൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പ് ഡി.ആർ.ഐ സംഘം വെയർഹൗസിലും അമലാപുരത്തെ വിജിന്റെ വീട്ടിലും വന്ന് പരിശോധനകൾ നടത്തി ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ, പർച്ചേസ് ബിൽ, സി.സി ടി.വി കാമറ ഉൾപ്പെടെയുള്ളവ കൊണ്ടുപോയതായും ജിബിൻ പറഞ്ഞു. റോഡരികിലെ ഈ സ്ഥാപനത്തിൽനിന്ന് അര കിലോമീറ്റർ മാറി മാത്രമാണ് എക്സൈസ്-പൊലീസ് ആസ്ഥാനങ്ങൾ. എന്നാൽ, മാസങ്ങളായി ഇവിടെ നടക്കുന്ന അനധികൃത ഇടപാടുകളൊന്നും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ല. പത്തോളം ജീവനക്കാർ ഇവിടെയുണ്ട്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പരിശോധന തുടരുകയാണെന്നും എക്സൈസ് പറഞ്ഞു. ഈ കേസിൽ മൻസൂർ തച്ചൻപറമ്പൻ എന്നയാൾ ഒളിവിലാണെന്നും ഇവർ തമ്മിൽ ലാഭവിഹിതം പങ്കുവെച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മകന് പങ്കില്ലെന്ന് മൻസൂറിന്റെ പിതാവ്
കോട്ടക്കൽ: മുംബൈ ലഹരിക്കടത്ത് കേസിൽ മകൻ മൻസൂർ നിരപരാധിയാണെന്ന് പിതാവും കോട്ടക്കൽ ഇന്ത്യനൂർ സ്വദേശിയുമായ തച്ചപറമ്പൻ മൊയ്തീൻ അഹമ്മദ്. ഞായറാഴ്ച പുലർച്ചെ ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്. മകന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ലഹരിമരുന്ന് കയറ്റിയയച്ചിട്ടുണ്ടെന്നും വീട് പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാൽ, അത്തരത്തിലുള്ള കുടുംബമല്ലെന്ന് മറുപടി നൽകി.
പരിശോധനയില്‍ അവർക്ക് ഒന്നും കണ്ടെത്താനായില്ല. ഇതോടെ മറ്റ് പേപ്പറുകളൊക്കെ നോക്കണമെന്നും എന്തെങ്കിലും തീവ്രവാദ ബന്ധമുള്ളവ ഉണ്ടോയെന്ന് അറിയണമെന്നും പറഞ്ഞു. എന്നാൽ, ഇവിടെ അത്തരം സംഗതികളൊന്നുമില്ലെന്ന് മറുപടി നൽകി. ആരെങ്കിലും അത്തരം കാര്യങ്ങളിലേക്ക് പോവുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്നവരാണ് തങ്ങൾ. കഴിഞ്ഞമാസം 19നാണ് മകൻ ആഫ്രിക്കയിലേക്ക് മടങ്ങിയത്. രണ്ട് മാസത്തിലധികം നാട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് ആഫ്രിക്കയിൽ നിന്ന് പാഴ്സൽ എത്തിയത്. മന്‍സൂറിന് ഇതേക്കുറിച്ച് അറിയില്ല. മകനൊപ്പം ദക്ഷിണാഫ്രിക്കയിൽ ഒരു ഗുജറാത്ത് സ്വദേശിയുണ്ട്. മകന് അവിടെയില്ലാത്ത സമയത്ത് അയാളാണ് ഇതൊക്കെ ചെയ്തിട്ടുള്ളതെന്നാണ് മനസ്സിലാക്കുന്നത്.
ഒരു ഓര്‍ഡര്‍ വന്നിട്ടുണ്ടെന്നും അയക്കട്ടെയെന്നും അയാള്‍ മകനോട് വിളിച്ച് ചോദിച്ചെങ്കിലും ആദ്യം സമ്മതിച്ചില്ല. പിന്നീട് നിർബന്ധിച്ചപ്പോഴാണ് സമ്മതിച്ചതെന്നും 'അയച്ചോളൂ പ്രശ്നമൊന്നും ഉണ്ടാക്കരുത്' എന്ന് അയാളോട് പറഞ്ഞിരുന്നെന്നും മൊയ്തീൻ അഹമ്മദ് പറഞ്ഞു. ഇയാളെ ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്തെന്നാണ് അറിഞ്ഞത്. കേസിൽ മന്‍സൂറിന് ഒരു ബന്ധവുമില്ലെന്ന് ഇയാൾ പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം. 14 വർഷമായി മൻസൂർ ആഫ്രിക്കയിൽ ബിസിനസ് നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.