ഓണം: പരിശോധന ശക്തമാക്കി എക്സൈസ്
text_fieldsകൊട്ടാരക്കര: ഓണം പ്രമാണിച്ച് കൊട്ടാരക്കര താലൂക്കിൽ രാത്രികാല വാഹന പരിശോധനകൾ ഉൾപ്പെടെ പരിശോധനകൾ എക്സൈസ് ശക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന എക്സൈസ് കൺട്രോൾ റൂം ആരംഭിച്ചു.മുൻകാല കേസുകളിൽ ഉൾപ്പെട്ട പ്രതികളെ നിരീക്ഷിക്കുന്നതിനും ഷാഡോ ടീമുകൾ സജ്ജമാക്കി.
മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപനയും തടയുന്നതിനാവശ്യമായ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.ഓണത്തോടുനുബന്ധിച്ചുള്ള സ്പെഷൽ ഡ്രൈവ് പരിശോധനയിൽ, വിദേശമദ്യം വിൽപന നടത്തിയ വെണ്ടാർ മനക്കരക്കാവ് നെല്ലിവിള മേലത്തിൽ വീട്ടിൽ വിജയൻ പിള്ള, വീട്ടിലും സമീപ പ്രദേശങ്ങളിലുമായി മദ്യം സൂക്ഷിച്ചു വിൽപന നടത്തിയ ചേത്തടി ബിനു ഹൗസിൽ ബിനു ജയിംസ്, സ്കൂട്ടറിൽ കൊണ്ടുനടന്ന് ശീതള പാനീയ കുപ്പികളിൽ മദ്യവിൽപന നടത്തിയ നിരപ്പിൽ ബഥേൽ ഹൗസിൽ സുനിൽ വർഗീസ് എന്നിവരെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടാതെ ഇരണൂർ കക്കാട് തെറ്റിയോട് ഭാഗത്തുനിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 110 ലിറ്റർ കോട കണ്ടെടുത്തു. പെരുംകുളം തെക്ക് കളീലുവിള ജങ്ഷനിൽനിന്നും ചെങ്ങമനാട് സ്കൂൾ പരിസരത്തു നിന്നുമായി കഞ്ചാവ് പിടിച്ചതിൽ രണ്ട് കേസെടുത്തു. അബ്കാരി കുറ്റങ്ങൾ ശ്രദ്ധയിൽപെട്ടാൽ കൊട്ടാരക്കര എക്സൈസ് റേഞ്ച് ഓഫിസിന്‍റെ നമ്പറായ 0474 - 2450265, 9400069458 എന്നീ നമ്പറുകളിൽ അറിയിക്കണം. പരാതിക്കാരുടെ പേരോ മേൽവിലാസമോ വെളിപ്പെടുത്തേണ്ടതില്ല. പരാതി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.