മദ്യക്കടത്ത് സംഘം എക്സൈസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു: മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് പരിക്ക്
text_fieldsമഞ്ചേശ്വരം: അനധികൃത മദ്യക്കടത്ത് പിടികൂടാൻ പിന്തുടർന്നെത്തിയ എക്സൈസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചു. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരടക്കം അഞ്ചുപേർക്ക് പരിക്കേറ്റു. കാസര്‍കോട് എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റിവ് ഓഫിസര്‍ ദിവാകരന്, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവരെയും കാറിലുണ്ടായിരുന്ന രണ്ടുപേരെയും മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം.
എക്സൈസിന്റെ കെ.എൽ 01 എ.വി 152 നമ്പർ മഹീന്ദ്ര ജീപ്പും കെ.എ 19 എം.എ 7052 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ കാറുമാണ് അപകടത്തിൽപെട്ടത്. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എക്സൈസ് സംഘം സോങ്കാലില്‍ പരിശോധനക്കെത്തിയത്.
അമിത വേഗതയിലെത്തിയ കാറിനുകുറുകെ എക്സൈസ് ജീപ്പ് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ മദ്യക്കടത്ത് സംഘം ശ്രമിച്ചത്. അപകടത്തിൽപെട്ട കാറില്‍നിന്ന് 110 ലിറ്റര്‍ കര്‍ണാടക നിർമിത വിദേശമദ്യം പിടിച്ചെടുത്തു.
ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളും ഭാഗികമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരെയും പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് മംഗളൂരുവിലെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.