റോഡുകളുടെ പദവി മാറ്റുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ല -മന്ത്രി രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ പദവി മാറ്റുന്നതിൽ സർക്കാർ ഇടപെട്ടിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. എക്‌സൈസ് വകുപ്പിന് അനുവദിച്ച 14 പുതിയ വാഹനങ്ങള്‍ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് റോഡുകള്‍ക്ക് ഒരേ പദവി നിലവിലുണ്ടെങ്കില്‍ അതിലൊന്ന് മാറ്റുക സ്വാഭാവികമാണ്. റോഡുകള്‍ക്ക് പദവി നിര്‍ണയിച്ചതില്‍ മുമ്പുതന്നെ അപാകതയുണ്ടായിരുന്നു.
ദേശീയപാതയില്‍നിന്ന് 500 മീറ്റര്‍ മാറി മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂവെന്ന സുപ്രീംകോടതിവിധി വന്നതോടെ ഇക്കാര്യം ബിയർ-വൈന്‍ പാര്‍ലര്‍ ഉടമകള്‍ കോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്ന് ഒരേ പദവിയുള്ള റോഡുകളുടെ കാര്യത്തില്‍ മാറ്റംവരുത്താന്‍ തീരുമാനമുണ്ടായി. അക്കാര്യം പൊതുമരാമത്ത് വകുപ്പും കേന്ദ്ര ദേശീയപാത അതോറിറ്റിയുമൊക്കെ ചേര്‍ന്ന് തീരുമാനിക്കുന്നതാണ്. സംസ്ഥാനത്തെ റോഡുകള്‍ ഏതുവിഭാഗത്തിൽപെടുന്നെന്നും അവയ്ക്ക് എന്ത് പദവി നല്‍കണമെന്നും നിശ്ചയിക്കുന്നത് എക്‌സൈസ് വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.
നിയമവിധേയമായി മദ്യലഭ്യത കുറയുന്നത് അനധികൃത മദ്യത്തിെൻറ വരവ് വര്‍ധിപ്പിക്കും. കേരളത്തില്‍ ഇടക്കാലത്ത് നിലച്ചിരുന്ന സ്പിരിറ്റിെൻറ വരവ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണ്. പാലക്കാട് മലമ്പുഴയിലെ കള്ളുഷാപ്പില്‍ സ്പിരിറ്റ് ചേര്‍ത്ത കള്ള് കണ്ടെടുത്തത് അതിെൻറ തെളിവാണ്. മയക്കുമരുന്ന് കേസുകളുടെ എണ്ണവും കേരളത്തില്‍ കൂടിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്‌സൈസ് പരിശോധന കര്‍ശനമാക്കി. ജനങ്ങളും മാധ്യമപ്രവര്‍ത്തകരും സമൂഹവും ഒറ്റക്കെട്ടായി നിന്നാലേ ഈ വിപത്തിനെ തടയാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.