എക്സൈസുകാർ വ്ലോഗർമാരായി; ഇൻറർവ്യൂവിന് നാടൻവാറ്റുമായി എത്തിയ 'കിടിലം പോൾ' അറസ്റ്റിൽ
text_fieldsമൂന്നിലവ്: ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കക്കല്ല്, മാറുമല തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോം സ്റ്റേകളിലും റിസോർട്ടുകളിലെയും വിനോദസഞ്ചാരികൾക്ക് നാടൻ വാറ്റുചാരായം വിറ്റുവന്നിരുന്ന മൂന്നിലവ് തൊട്ടിയിൽ വീട്ടിൽ പോൾ ജോർജിനെ (കിടിലം പോൾ -43) ഈരാറ്റുപേട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ളയുടെ നേതൃത്വത്തിൽ അതിസാഹസികമായി പിടികൂടി.
യൂടൂബിൽ ഹിറ്റായ കിടിലം പോളിെൻറ തെങ്ങിൻ പൂക്കുലയിട്ട് വാറ്റുന്ന നാടൻ ചാരായത്തിെൻറ രുചിതേടി ആരാധകരെന്ന വ്യാജേന വ്ലോഗർമാരായി ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ അഭിലാഷ് കുമ്മണ്ണൂർ, കെ.വി. വിശാഖ്, നൗഫൽ കരിം എന്നിവർ ഇല്ലിക്കൽകല്ലിൽ എത്തുകയായിരുന്നു. റിസോർട്ടിൽ ഇൻറർവ്യൂവിന് ചാരായവുമായി എത്തിയ കിടിലം പോളിനെ കാത്തിരുന്ന സംഘം അതി സാഹസികമായി വലയിൽ വീഴ്ത്തുകയായിരുന്നു.
നിരവധി അബ്കാരി കേസുകളിൽ പ്രതിയായ പോൾ ജോർജ് എക്സൈസ് സംഘത്തെ ആക്രമിച്ചു രക്ഷപ്പെടുകയായിരുന്നു പതിവ്. മൂന്നിലവ്, മേച്ചാൽ, പഴുകക്കാനം മേഖലയിലെ വാറ്റുരാജാവായ പോൾ, മാസം നൂറുലിറ്ററോളം ചാരായം വിൽക്കുമായിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപ വാങ്ങുന്ന പോൾ ലിറ്റർ ഒന്നിന് ഒരുരൂപ 'ദൈവ'ത്തിന് കാണിക്കയായി മാറ്റിവെക്കും.
പോളിെൻറ വീട്ടിൽനിന്ന് 16 ലിറ്റർ വാറ്റുചാരായവും 150 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു.
റെയ്ഡിൽ പ്രിവൻറിവ് ഓഫിസർ ബിനീഷ് സുകുമാരൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എബി ചെറിയാൻ, കെ.ടി. അജിമോൻ, പ്രദീഷ് ജോസഫ്, ജസ്റ്റിൻ തോമസ്, പ്രിയ കെ. ദിവാകരൻ എക്സൈസ് ഡ്രൈവർ ഷാനവാസ് എന്നിവർ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈരാറ്റുപേട്ട റേഞ്ച് പരിധിയിൽ റെയ്ഡുകളും പരിശോധനകളും കൂടുതൽ കർശനമാക്കിട്ടുണ്ടെന്നും അബ്കാരി, ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ സംബന്ധിച്ച പരാതികൾ 9400069519, 04822277999 നമ്പറുകളിൽ വിളിച്ചറിയിക്കണമെന്നും എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.