എക്സൈസ് ഉദ്യോഗസ്ഥർ ഹാജരാകുന്നില്ല; അബ്കാരി കേസ് വിചാരണ മുടങ്ങുന്നു
text_fieldsതിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ ആരോഗ്യകാരണം ചൂണ്ടിക്കാട്ടി അവധി അപേക്ഷിക്കുന്നതിനാൽ വിവിധ കോടതികളിലെ അബ്കാരി കേസുകളിലെ വിചാരണകൾ മുടങ്ങുന്നു. ഈ നടപടിയിൽ കോടതികൾ കടുത്ത ആശങ്കയും അസംതൃപ്തിയും പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ മിക്ക കോടതികളിലും ഇതാണ് സ്ഥിതി. ഉദ്യോഗസ്ഥർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്ന് പല കേസുകളിലും കോടതികൾ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന അബ്കാരി കേസുകളുടെ എണ്ണം വർധിക്കുകയാണെങ്കിലും ഇത്തരം കേസുകളുടെ വിചാരണ ഇഴയുന്ന സാഹചര്യമാണ് ഇപ്പോൾ. ഇതിന് പരിഹാരം കാണുന്നതിന് വിവിധ എക്സൈസ് റേഞ്ച് അധികാരികൾക്ക് പലതവണ കാരണം കാണിക്കൽ നോട്ടീസ് കോടതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ അനുകൂല പ്രതികരണങ്ങൾ നടത്തുന്നില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരം രണ്ടാം അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ നടന്ന സംഭവങ്ങൾ സംസ്ഥാനത്തെ അവസ്ഥ വ്യക്തമാക്കുന്നതാണ്. ക്രമസമാധാനം മുതൽ ആഭ്യന്തര കാര്യങ്ങൾവരെ കൈകാര്യം ചെയ്യുന്ന പൊലീസിന് ഇല്ലാത്ത തിരക്കാണോ എക്സൈസ് വകുപ്പിനെന്ന് സബ് ജഡ്ജി ലൈജുമോൾ ഷെരിഫ് ആരാഞ്ഞു. 2015ൽ കഴക്കൂട്ടം എക്സൈസ് റേഞ്ച് അധികാരികൾ രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗസ്ഥൻ ആരോഗ്യകാരണത്താൽ അവധിയിലാണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.
എക്സൈസ് വകുപ്പ് മൊത്തത്തിൽ അസുഖബാധിതരണോ അതോ ഈ കോടതിയിൽ വരാൻ താൽപര്യമില്ലാത്തതാണോ എന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഉദ്യോഗസ്ഥരുടെ കൂട്ടത്തോടെയുള്ള ഈ അവസ്ഥ എന്തുതരം അസുഖമാണെന്ന് അന്വേഷിക്കാൻ സർക്കാർ അഭിഭാഷകന് കോടതി നിർദേശം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.