കഞ്ചാവ് തേടി എക്സൈസുകാർ വീട്ടിലെത്തി; മനംനൊന്ത് യുവാവ് ജീവനൊടുക്കി
text_fieldsഅടൂര്‍: എക്സൈസുകാർ വീട്ടിൽ കഞ്ചാവ് പരിശോധനക്ക് എത്തിയതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി പരാതി. അടൂർ പഴകുളം ചാല വിഷ്ണുഭവനിൽ ചന്ദ്രന്‍റെയും ഉഷയുടെയും മകൻ വിഷ്ണുവാണ് (27) മരിച്ചത്. വിഷ്ണുവിന്‍റെ അമ്മാവൻ സുരേഷാണ് പരാതി നൽകിയത്.
എക്സൈസ് സംഘം വിഷ്ണുവിനെ മർദിച്ചതായും സുരേഷ് ആരോപിച്ചു. ഡ്രൈവറാണ് വിഷ്ണു. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്കാണ് വീട്ടിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് അടൂർ പറക്കോട്നിന്നുള്ള എക്സൈസ് സംഘം വീട്ടിലെത്തിയത്.
വിഷ്ണു ഇരുചക്രവാഹനത്തിൽ കഞ്ചാവ് വാങ്ങിക്കൊണ്ടുവരുന്നത് കണ്ടെന്നാരോപിച്ചായിരുന്നു പരിശോധന. സംഭവത്തെതുടര്‍ന്ന് വിഷ്ണു വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നതായും വിഷ്ണുവിന്‍റെ അമ്മയുടെ സഹോദരി പറഞ്ഞു. വിഷ്ണുവിനെപ്പറ്റി നാട്ടുകാർക്കും പരാതികളില്ല.
അതേസമയം വിഷ്ണുവിനെ മർദിച്ചിട്ടില്ലെന്ന് അടൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് പറഞ്ഞു. വിഷ്ണു കേസില്‍ പ്രതിയല്ലാത്തതിനാല്‍ സംസാരിച്ച് മടങ്ങുകയാണ് ചെയ്തതെന്നും ഇത് അയൽവാസികളെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും ഇൻസ്പെക്ടർ പറഞ്ഞു.
സംഭവത്തിൽ ആക്ഷേപം ഉയര്‍ന്നതിനാൽ എക്സൈസ് അസി. കമീഷണറോട് റിപ്പോര്‍ട്ട് തേടിയതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ റോബര്‍ട്ട് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടക്കുമെന്ന് അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.