ഹോസ്റ്റലില് എക്സൈസിന്റെ മിന്നൽ പരിശോധന; കഞ്ചാവ് പിടികൂടി
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല മെൻസ് ഹോസ്റ്റലിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് പിടികൂടി. പാളയം എൽ.എം.എസ് ചർച്ചിന് സമീപത്തെ ഹോസ്റ്റലിലെ 455ാം മുറിയിൽ നിന്നാണ് 20 ഗ്രാം കഞ്ചാവ് പിടിച്ചത്. മൂന്നാർ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പാണ്ഡ്യരാജിന്റേതാണ് മുറിയെന്നാണ് സഹവിദ്യാർഥികളുടെ മൊഴി. തിങ്കളാഴ്ച പുലർച്ചയോടെ ഇയാൾ മുറി ഒഴിഞ്ഞതായും വിദ്യാർഥികൾ പറയുന്നു.
ഇയാൾക്കുവേണ്ടിയുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കി. 455ാം മുറിയിൽ എം.ഡി.എം.എയും കഞ്ചാവുമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ 10.15ഓടെ പരിശോധന ആരംഭിച്ചത്. എക്സൈസ് എത്തുമ്പോൾ മുറി തുറന്നിട്ട നിലയിലായിരുന്നു. ചുമരലമാരയിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. തുടർന്ന്, എട്ടോളം മുറി കൂടി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ, 12.45ന് പരിശോധന അവസാനിപ്പിച്ചു.
മാർച്ച് 29ന് പാണ്ഡ്യരാജും സുഹൃത്തും മൂന്നാർ ലക്ഷ്മി എസ്റ്റേറ്റ് സ്വദേശിയുമായ മദനകുമാറും ഹോസ്റ്റലിലെ മുറിക്കുള്ളിൽ കഞ്ചാവ് ബീഡി ഉപയോഗിക്കുന്നത് വിദ്യാർഥികളിൽ ചിലർ ചോദ്യം ചെയ്തിരുന്നു. പൂർവവിദ്യാർഥിയായ മദനകുമാറിനെ ഹോസ്റ്റലിൽ കയറ്റിയതിനെ ചൊല്ലി വിദ്യാർഥികളുമായി വാക്കുതർക്കമായതോടെ, മദനകുമാറും പാണ്ഡ്യരാജും രാത്രി 10 ഓടെ മുറി വിട്ടിരുന്നു.
വിദ്യാർഥികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മ്യൂസിയം പൊലീസ് കോർപറേഷൻ ഓഫിസ് പരിസരത്തുവെച്ച് കഞ്ചാവ് ബീഡിയുമായി ഇരുവരെയും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. ചെങ്കൽചൂള ഭാഗത്തുനിന്നാണ് കഞ്ചാവ് ലഭിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. കഞ്ചാവ് അളവിൽ കുറവായിരുന്നതിനാൽ ഇവരെ ജാമ്യത്തിൽ വിട്ടതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.