ഒരു വർഷം എക്സൈസ് പിടിച്ചത് 4000 കിലോ കഞ്ചാവ്
text_fieldsകോഴിക്കോട്: കഴിഞ്ഞ വർഷം എക്സൈസ് വകുപ്പ് മാത്രം സംസ്ഥാനത്തുനിന്ന് പിടിച്ചെടുത്തത് നാലായിരം കിലോയോളം കഞ്ചാവ്. വിവിധ ജില്ലകളിൽ രജിസ്റ്റർചെയ്ത കേസുകളിലായാണ് 3,961 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. പൊലീസ് പിടിച്ചെടുത്ത കഞ്ചാവിന്റെ കണക്കുകൾ കൂടി നോക്കുമ്പോൾ ആകെ തൂക്കം ആറു ടണ്ണിലേറെ വരുമെന്നാണ് വിവരം.
ലഹരി കടത്ത്, വിൽപന, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് ആക്ട് പ്രകാരം കഴിഞ്ഞവർഷം 8,161 കേസുകളാണ് വിവിധ എക്സൈസ് ഓഫിസുകളിലായി രജിസ്റ്റർ ചെയ്തത്. ഇതിൽ അന്തർ സംസ്ഥാനക്കാരടക്കം 7,974 പേർ അറസ്റ്റിലായി. 19,417 അബ്കാരി കേസുകളിലായി 16,598 പേരും അറസ്റ്റിലായി.
വിരലിലെണ്ണാവുന്ന വിദേശികളും ലഹരി ഇടപാടിൽ പിടിയിലായിട്ടുണ്ട്. അറസ്റ്റിലായ ഇതര സംസ്ഥാനക്കാരിൽ കൂടുതൽ പേരും ഒഡിഷ, തമിഴ്നാട്, യു.പി, പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. മുൻ വർഷങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോൾ പിടികൂടുന്ന ലഹരിവസ്തുക്കളുടെ അളവ് കൂടിയിട്ടുണ്ട്. ലഹരി കേസിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ എണ്ണവും വർധിച്ചു.
സിഗരറ്റിന്റെയും മറ്റ് പുകയില ഉൽപന്നങ്ങളുടെയും ഉൽപാദനം, വിതരണം, ഉപയോഗം, വ്യാപാര നിയന്ത്രണവും പരസ്യ നിരോധനവും എന്നിവയുമായി ബന്ധപ്പെട്ട കോപ്ട ആക്ട് പ്രകാരം 73,268 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തു. ഇതിൽ വിവിധ ജില്ലകളിലായി ജനുവരി -12.22 ലക്ഷം, ഫെബ്രുവരി -9.19, മാർച്ച് -11.11, ഏപ്രിൽ -11.26, മേയ് -11.82, ജൂൺ -12.07, ജൂലൈ -10.96, ആഗസ്റ്റ് -11.81, സെപ്റ്റംബർ -14.83, ഒക്ടോബർ 13.94, നവംബർ -13.71, ഡിസംബർ -13.61 എന്നിങ്ങനെ മൊത്തം 146.53 ലക്ഷം രൂപ പിഴയീടാക്കുകയും ചെയ്തു.
ഇക്കാലയളവിൽ മൂന്നര കിലോയിലേറെ എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ, ഹെറോയിൻ, കഞ്ചാവ് ബീഡി, കഞ്ചാവ് ചെടി, ചരസ്, വിവിധ ലഹരി ഗുളികകൾ, ചാരായം, വാഷ്, വ്യാജ കള്ള്, വൈൻ, അരിഷ്ടം, വിദേശ മദ്യം, സ്പിരിറ്റ്, നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.