കായംകുളത്തും കണ്ണൂരും എക്സൈസിന്റെ കഞ്ചാവ് വേട്ട: അസം സ്വദേശി അറസ്റ്റിൽ
text_fieldsകണ്ണൂർ: കണ്ണൂരിൽ 5.83 കിലോ കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. കണ്ണൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയിലിയും സംഘവും ചേർന്നാണ് ആസാം സ്വദേശിയായ അബു തലിപ്പ് അലിയെ (27) അറസ്റ്റ് ചെയ്തത്.
കണ്ണൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലുള്ള ടെയിലറിംഗ് ഷോപ്പുകളിൽ തയ്യൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന അസം സ്വദേശിയായ ഇയാൾ ഒഡീഷ സംസ്ഥാനത്ത് നിന്നും കിലോ കണക്കിന് കഞ്ചാവ് കണ്ണൂരിലെത്തിച്ച് ചെറു പൊതികളാക്കി വിവിധ ഭാഗങ്ങളിൽ വിൽക്കുകയായിരുന്നു.
സംസ്ഥാനത്ത് ലഹരി പദാർത്ഥങ്ങളുടെ വിനിമയ ശ്രംഖലയ്‌ക്കെതിരെ എക്സൈസിൻ്റെ അന്വേഷണ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി കായംകുളം റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പരിശോധനയിൽ ചെന്നൈ മെയിൽ ട്രെയിനിൽ നിന്നും 6 കിലോ കഞ്ചാവും കണ്ടെത്തി.
എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തെ തുടർന്ന് എക്സൈസ് ഇൻറലിജൻസ് വിഭാഗവും ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്കോഡും ചേർന്ന് 6 കിലോ കഞ്ചാവുമായി മാരാരിക്കുളം, കണിച്ചുകുളങ്ങര സ്വദേശികളായ രണ്ടുപേരെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തിരുന്നു.
ഈസ്റ്ററിനു മുന്നോടിയായി ട്രെയിൻ വഴിയും മറ്റു മാർഗ്ഗങ്ങളിലുടെയും ലഹരിപദാർത്ഥങ്ങൾ കൊണ്ടുവരാനുള്ള സാധ്യത മുന്നിൽകണ്ട് വാഹന പരിശോധന ഉൾപ്പെടെ കർശന നിരീക്ഷണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
പൊതുജനങ്ങൾക്ക് ലഹരി ഉപയോഗത്തെയും വില്പ്പനയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിൻ്റെ 0471-2322825, 9447178000,9061178000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.