വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണം -നടി രഞ്ജിനി
text_fieldsകൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണമെന്ന് നടി രഞ്ജിനി. 'സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യർഥന. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും' -നടി ഫേസ്ബുക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
കർശനമായ മോട്ടോർ വാഹന നിയമങ്ങൾ നിലനിൽക്കെ, സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും ഇവർ പറഞ്ഞു. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചുവെന്നും നടി ചോദിച്ചു.
കേരള ടൂറിസം വകുപ്പ് അംഗീകാരം നൽകിയ ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ ഉള്ള വാഹനങ്ങൾ മാത്രമേ പഠന യാത്രകൾക്ക് ഉപയോഗിക്കാവൂ എന്നും വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണമെന്ന നിർദേശം എല്ലാ സ്കൂളുകളും നിർബന്ധമായും പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. രാത്രി 9 മണി മുതൽ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.
2020 മാർച്ച് 2 ലെ ഉത്തരവിൽ കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പൊതു വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും പൂർണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പഠനയാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. യാത്രയുടെ സമഗ്ര വിവരങ്ങളെക്കുറിച്ച് പ്രധാന അധ്യാപകന് കൃത്യമായ ബോധ്യമുണ്ടാവണം. വിദ്യാർഥികൾക്കും ഇത് സംബന്ധിച്ച് മുൻകൂട്ടി അറിവ് നൽകണം.
അപകടകരമായ സ്ഥലങ്ങളിൽ യാത്ര പോകരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനവുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
നടി രഞ്ജിനിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
5 വിദ്യാർഥികളടക്കം 9 പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത റോഡപകടത്തിൽ കേരളം അതീവ ദുഃഖത്തിലാണ്. കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണുകളും ഉപയോഗിച്ച് ഓടിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം എന്നാണ് സർക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യർത്ഥന. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.