ആനുകൂല്യങ്ങൾക്ക് അതിദാരിദ്ര്യ പട്ടികയിലുള്ളവരോട് രേഖകൾ ആവശ്യപ്പെടരുതെന്ന് നിർദേശം
text_fieldsകൊച്ചി: അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ രേഖകൾ ഹാജരാക്കേണ്ടെന്ന് സർക്കാർ നിർദേശം. വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഇല്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നിഷേധിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് ഈ നിർദേശം.
ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്നും ആനുകൂല്യങ്ങൾക്കോ സേവനങ്ങൾക്കോ ഒരു വിധത്തിലുള്ള തിരിച്ചറിയൽ രേഖകളോ സാക്ഷ്യപത്രങ്ങളോ ആവശ്യപ്പെടരുതെന്നുമാണ് ചീഫ് സെക്രട്ടറി ഡോ. വി. വേണു വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
സംസ്ഥാനത്ത് അതിദരിദ്രരായ 64,006 കുടുംബങ്ങൾ ഉണ്ടെന്നാണ് സർക്കാറിന്റെ കണക്ക്. ഭക്ഷണം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് അതിദരിദ്രരുടെ കണക്ക് നിശ്ചയിച്ചത്.
വാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മലപ്പുറം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ അതിദരിദ്രരെ കണ്ടെത്തിയത്. ആലപ്പുഴ ജില്ലയിലെ കുമാരപുരം, കാസർകോട് ജില്ലയിലെ കള്ളാർ എന്നീ പഞ്ചായത്തുകളിൽ ഇത്തരക്കാരില്ലെന്നും കണ്ടെത്തിയിരുന്നു.
അതിദാരിദ്ര പട്ടികയിൽപെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ, പഠനസൗകര്യം, സ്ഥിരമായ ആരോഗ്യ പരിചരണം എന്നിവ ഒരുക്കൽ, ഭക്ഷണം ഉറപ്പാക്കൽ, പുനരധിവാസം, തൊഴിൽ എന്നീ പ്രവർത്തനങ്ങൾക്കായി സർക്കാർ വിവിധ പദ്ധതികൾ ആരംഭിച്ചിരുന്നു. വീടില്ലാത്ത 11,340 പേർക്ക് ലൈഫ് പദ്ധതിയിൽ വീട് നൽകാനും തീരുമാനിച്ചിരുന്നു. എന്നാൽ, ഇത്തരം ആനുകൂല്യങ്ങൾക്കായി ഓഫിസുകളിൽ എത്തുന്നവരോട് കൂടുതൽ രേഖകളും സർട്ടിഫിക്കറ്റുകളും ചോദിച്ച് വലക്കുന്നുവെന്ന പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലിസ്റ്റിൽ ഉൾപ്പെട്ടവരോട് രേഖകൾ ചോദിക്കണ്ടെന്ന് സർക്കാർ നിർദേശം നൽകിയത്.
അതിദാരിദ്യ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഇത് നൽകുന്നതോടെ വ്യക്തികളുടെ മുഴുവൻ ആനുകൂല്യങ്ങൾക്കുമുള്ള തിരിച്ചറിയൽ രേഖയായി ഈ കാർഡ് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.