സംസ്ഥാനത്ത് കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഇളവ്
text_fieldsതിരുവനന്തപുരം: നഗര സ്വഭാവമുള്ള ഗ്രമപഞ്ചായത്തുകള്‍ക്ക് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ലഭിക്കുന്ന ഇളവുകള്‍ കൂടുതല്‍ പഞ്ചായത്തുകള്‍ക്ക് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ കൃത്യമായ അതിര്‍വരമ്പുകളില്ല. മിക്കവാറും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളും നഗരസ്വഭാവമുള്ളവയാണ്.
അതിവേഗ വികസനത്തിന്‍റെ പാതയിലാണ് അവയുള്ളത്. പ്രാദേശിക സാമ്പത്തിക വികസനത്തിന് അടിത്തറ പാകുന്നതില്‍ നിർമിതികള്‍ക്കും സംരംഭങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. അതിനാല്‍ നിർമിതികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാറിനുള്ളതെന്ന് മന്ത്രി സൂചിപ്പിച്ചു.
കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടങ്ങളില്‍ കാറ്റഗറി ഒന്നില്‍ നഗരസ്വഭാവ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2011ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരം 179 ഗ്രാമപഞ്ചായത്തുകളാണ് കാറ്റഗറി ഒന്നിലുണ്ടായിരുന്നത്.
ഇതില്‍ നഗരസഭകളായി മാറിയ പതിനേഴും നഗരസഭകളോട് കൂട്ടിച്ചേര്‍ത്ത അഞ്ചും ഒഴികെ നിലവിലുള്ള 157 ഗ്രാമപഞ്ചായത്തുകളോടൊപ്പം പുതുതായി 241 ഗ്രാമപഞ്ചായത്തുകളെ കൂടി ഉള്‍പ്പെടുത്തി 398 ഗ്രാമപഞ്ചായത്തുകളെ കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്യാൻ നിർദേശം നല്‍കിയിരിക്കുകയാണ്. കാറ്റഗറി ഒന്നിലേക്ക് മാറുന്നതോടെ കവറേജ്, ഫ്‌ളോര്‍ സ്‌പേസ് ഇന്‍ഡക്‌സ് എന്നീ ഇനങ്ങളില്‍ കൂടുതല്‍ ഇളവ് ലഭിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.