സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് പുത്തരിക്കണ്ടത്ത് എക്‌സിബിഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുത്തരിക്കണ്ടം മൈതാനത്ത് എക്‌സിബിഷൻ നടത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പുത്തരിക്കണ്ടം നായനാർ പാർക്കിൽ കേരള മീഡിയ അക്കാദമിയുടെയും പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റിയുടെയും സഹകരണത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മൾട്ടിമീഡിയ എക്സിബിഷൻ നടത്തുന്നത്.
ഒളിമ്പിക്സ് മാതൃകയിൽ കൊച്ചിയിൽ നവംബറിൽ സംഘടിപ്പിച്ച സംസ്ഥാന സ്‌കൂൾ കായികമേളയിലെ മികച്ച ഫോട്ടോക്കും പേജ് ലേഔട്ടിനുമാണ് സമ്മാനം നൽകുന്നത്. ഫോട്ടോ- പത്ര-എക്സിബിഷനിൽ ഗ്യാലപ് പോളിലൂടെയാണ് അവാർഡ് ജേതാക്കളെ നിശ്ചയിക്കുക. മികച്ച വാർത്താ ചിത്രത്തിനും പേജ് ലേ ഔട്ടിനുമുള്ള എൻട്രി ഡിസംബർ 26 നകം നൽകണം.
സംസ്ഥാന സ്‌കൂൾ കായികമേളയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചവയാകണം ഫോട്ടോകളും ലേഔട്ടുകളും.കാണികൾ തിരഞ്ഞെടുക്കുന്ന ഫോട്ടോയ്ക്കും ലേ ഔട്ടിനും ആയിരിക്കും പുരസ്‌കാരങ്ങൾ നൽകുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സമ്മാനിക്കും. ഒരു ഫോട്ടോഗ്രാഫർക്ക് മൂന്ന് ഫോട്ടോകളും ഒരു പത്രത്തിൽ നിന്ന് മൂന്ന് ലേഔട്ടും അയക്കാം.
സ്‌കൂൾഗെയിംസ് കേരള അറ്റ് ജിമെയിൽ ഡോട്ട് കോം (schoolgameskerala@ gmail.com) എന്ന മെയിൽ ഐ.ഡി. യിൽ ഡിസംബർ 26 നുള്ളിൽ എൻട്രികൾ ലഭിച്ചിരിക്കണം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും അയക്കണം.
പോയകാല കലോത്സവത്തിലെ അസുലഭ ഫോട്ടോകളും എക്‌സിബിഷനിലേക്ക് ക്ഷണിക്കുന്നു. ഫോട്ടോകൾ കൈവശമുള്ള ആർക്കും സ്‌കൂൾ കലോത്സവം ഫോട്ടോസ് അറ്റ് ജിമെയിൽ ഡോട്ട് കോം (school kalolsavamphotos@gmail.com) എന്ന വിലാസത്തിൽ ഡിസംബർ 26 ന് മുമ്പ് മെയിൽ ചെയ്യാം. സംഘാടക സമിതി തിരഞ്ഞെടുക്കുന്ന ഫോട്ടോകൾ എൻലാർജ് ചെയ്ത് കലോത്സവ വേദിയിൽ പ്രദർശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.