എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരള ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി
text_fieldsകോഴിക്കോട്: മൂന്നാം നരേന്ദ്ര മോദി സർക്കാറിൽ എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായി അധികാരമേറ്റതോടെ കേരളത്തിലെ ജെ.ഡി.എസിൽ ‘അസ്തിത്വ’ പ്രതിസന്ധി. കേരളത്തിൽ പാർട്ടി എൽ.ഡി.എഫിൽ ശക്തമായി നിലകൊള്ളുമ്പോൾ കർണാടകയിൽ പാർട്ടി എൻ.ഡി.എയുടെ ഭാഗമായതാണ് ചോദ്യംചെയ്യപ്പെടുന്നത്.
പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചതാണ് ‘കറ്റയേന്തിയ കർഷക സ്ത്രീ’ ചിഹ്നം. ഈ ചിഹ്നത്തിൽ മത്സരിച്ച് കേരള നിയമസഭയിലെത്തിയ കെ. കൃഷ്ണൻകുട്ടി പിണറായി വിജയൻ സർക്കാറിൽ വൈദ്യുതി മന്ത്രിയും മാത്യു ടി. തോമസ് പാർട്ടി സംസ്ഥാന പ്രസിഡന്റുമാണ്.
എന്നാൽ, ഇതേ ചിഹ്നത്തിൽ കർണാടകയിൽനിന്ന് പാർലമെന്റിലേക്ക് മത്സരിച്ചാണ് പാർട്ടി സംസ്ഥാന പ്രസിഡന്റ് എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായത്. കുമാരസ്വാമിയടക്കം ജെ.ഡി.എസിലെ രണ്ടുപേരാണ് കർണാടകയിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥികളായി ജയിച്ചത്.
ചുരുക്കത്തിൽ രണ്ട് സംസ്ഥാനങ്ങളിൽ മാത്രമുള്ള പാർട്ടി എതിർ ചേരികളിലായി. കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെ.ഡി.എസിന്റെയും എൽ.ഡി.എഫിന്റെയും നിലപാട് ചോദ്യംചെയ്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
കർണാടകയിലെ രാജ്യസഭ തെരഞ്ഞെടുപ്പ്, രാഷ്ട്രപതി-ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര നേതൃത്വവുമായി ബന്ധമില്ലെന്ന് സംസ്ഥാന ഘടകം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തത്. പുതിയ പാർട്ടി രൂപവത്കരിക്കണം, മറ്റ് ജനത പാർട്ടികളിൽ ലയിക്കണം എന്നതടക്കമുള്ള ചർച്ചകൾ പാർട്ടിയിൽ ഉയർന്നെങ്കിലും നേതൃത്വത്തിന് ധാരണയിലെത്താനായിരുന്നില്ല.
ഇതടക്കമുള്ള നിലപാടിൽ പ്രതിഷേധിച്ച് മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ നീലലോഹിതദാസ് നാടാരുടെ നേതൃത്വത്തിൽ നേരത്തെയും സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ നേതൃത്വത്തിൽ അടുത്തിടെയും പാർട്ടിയിലെ ഓരോ വിഭാഗങ്ങൾ ആർ.ജെ.ഡിയിലേക്ക് മാറിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ കൂടുതൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും കേരള പാർട്ടിയുടെ വർഗീയവിരുദ്ധ നയം സാക്ഷ്യപ്പെടുത്തുന്ന നിലപാട് നേതൃത്വം വ്യക്തമാക്കണമെന്നുമാണ് പ്രവർത്തകർ ആവശ്യപ്പെടുന്നത്. സമാന സാഹചര്യമുണ്ടായപ്പോഴാണ് എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ളവർ എൽ.ജെ.ഡി സംസ്ഥാന ഘടകം പിരിച്ചുവിട്ട് ആർ.ജെ.ഡിയിൽ ലയിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.