ആരാധകരേ ശാന്തരാകുവിൻ.. ഹിറ്റായി 'ആക്രി ആപ്'
text_fieldsകൊച്ചി: ബയോ മാലിന്യശേഖരണം കൂടി തുടങ്ങിയതോടെ 'ആക്രി ആപ്' ജനപ്രിയമാകുന്നു. മാലിന്യശേഖരണ സംവിധാനവുമായി 2019ൽ ആരംഭിച്ച ഈ സംരംഭത്തിന് ഉപഭോക്താക്കൾ വർധിച്ചതിനൊപ്പം ആറു ജില്ലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുകയാണിപ്പോൾ. ഏകദേശം 45,000 ഉപഭോക്താക്കൾ ഇതിനകം ഈ സംവിധാനം പ്രയോജനപ്പെടുത്തി. ദിവസവും 30 മുതൽ 40 വരെ പേർ എറണാകുളം ജില്ലയിൽ മാത്രം ആപ്പിലൂടെ മാലിന്യം കൈമാറുന്നുണ്ടന്ന് ആക്രി ആപ് സ്ഥാപകരിൽ ഒരാളായ ചന്ദ്രശേഖർ 'മാധ്യമ'ത്തോട് പറഞ്ഞു.
വീടുകളിലെ മാലിന്യനിർമാർജനത്തിനൊപ്പം അത് നൽകി പണം നേടാനും ആപ് സഹായിക്കുന്നു എന്നതാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. ന്യൂസ്പേപ്പർ കിലോക്ക് 24 രൂപക്ക് ശേഖരിക്കുന്ന ഇവർ പ്ലാസ്റ്റിക്, കോപ്പർ, ബാറ്ററി, കാർട്ടനുകൾ, അലുമിനിയം, റബർ, ടയർ, ഇരുമ്പ്, ഇ-വേസ്റ്റ് തുടങ്ങി ഉപയോഗശൂന്യമായ എന്തും വാങ്ങും. ഇടപ്പള്ളിയിലും തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും ഇവ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ശേഖരിക്കാനെത്തുന്ന സമയം അടക്കം ബുക്ക് ചെയ്യാൻ സൗകര്യം ആപ്പിലുണ്ട്. ആക്രി സാധനങ്ങളുടെ വിലയും ആപ്പിൽ ലഭ്യമാണ്.
ജൂൺ മുതലാണ് ബയോമെഡിക്കൽ മാലിന്യശേഖരണം തുടങ്ങിയത്. കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി (കെ.ഇ.ഐ.എൽ) ചേർന്നാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്. ഡയപ്പർ, സാനിറ്ററി പാഡ്, ആശുപത്രി മാലിന്യം, ഉപയോഗശൂന്യമായ മരുന്നുകൾ എന്നിവ ശേഖരിച്ച് കെ.ഇ.ഐ.എല്ലിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കുകയാണ് ചെയ്യുന്നത്. ഒരു ദിവസം 18 ടൺവരെ ബയോ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കെ.ഇ.ഐ.എല്ലിലുണ്ട്. എന്നാൽ, മെഡിക്കൽ വേസ്റ്റ് സംസ്കരിക്കാൻ ഐ.എം.എ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടരടൺ ബയോമാലിന്യമാണ് ആപ്പുവഴി ശേഖരിച്ച് ഇവിടെ സംസ്കരിച്ചത്.
സെപ്റ്റംബർ മുതൽ കളമശ്ശേരി നഗരസഭയുമായി ആക്രി ആപ് ധാരണയിൽ എത്തി. അവിടത്തെ 42 വാർഡുകളിൽനിന്ന് ഇപ്പോൾ ബയോമാലിന്യം ശേഖരിച്ചു തുടങ്ങി. എല്ലാ ദിവസവും 150 കിലോവരെ മാലിന്യം ശേഖരിക്കുന്നുണ്ട്. ബയോമാലിന്യം ശേഖരിക്കുന്നതിന് പക്ഷേ, കിലോക്ക് 50 രൂപ ഫീസ് ഈടാക്കും. എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇടുക്കിയിൽ തൊടുപുഴയിലും ആക്രി ആപ്പിന്റെ സേവനം ലഭ്യമാണ്. www.aakri.in എന്ന വെബ് സൈറ്റിലൂടെയും പ്ലേ േസ്റ്റാറിലൂടെയും ആപ് ഡൗൺലോഡ് ചെയ്യാം. മറ്റ് ജില്ലകളിലേക്കും പ്രവർത്തനം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.