പ്രവാസി ഇൻഷുറൻസ്: സാധ്യത പരിശോധിക്കും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസികളുടെയും കുടുംബത്തിെൻറയും ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുത്തി പ്രവാസികൾക്കായി ഇൻഷുറൻസ് ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് ഈ രംഗത്തെ വിദഗ്ധരുമായി ആലോചിക്കും. മൂന്നാംലോക കേരളസഭയുടെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ കൃത്യമായ ഡാറ്റ ലഭ്യമല്ലാത്തത് പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്. കേന്ദ്ര സർക്കാറിെൻറ പക്കലും കൃത്യമായ ഡാറ്റയില്ല. ഈ സാഹചര്യത്തിൽ 2022-23 വർഷം കേരള മൈഗ്രഷൻ സർവേ നടത്തി ഡാറ്റ ബാങ്ക് വിപുലീകരിക്കുകയും സമഗ്രമാക്കുകയും ചെയ്യും. ഇതിനായി മലയാള പ്രവാസി ഡാറ്റ പോർട്ടൽ വികസിപ്പിക്കുകയും പ്രവാസികളുടെ ഇൻഷുറൻസ്, അനുബന്ധ ക്ഷേമപദ്ധതികൾ എന്നിവ ഇതുമായി ബന്ധിപ്പിക്കുകയും ചെയ്യും. പ്രവാസികളെ ഡാറ്റ ബാങ്കിെൻറ ഭാഗമാക്കുന്നതിന് ആഗോള രജിസ്ട്രേഷൻ കാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുകയും സഭ സെക്രട്ടേറിയറ്റ് ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. ഇവയിൽ കേന്ദ്രവുമായി ആലോചിച്ച് ചെയ്യേണ്ടവ അങ്ങനെയും സംസ്ഥാനത്തിന് സ്വന്തമായി ചെയ്യാവുന്നവ ആ നിലക്കും മുന്നോട്ടുകൊണ്ടുപോകും. പ്രവാസി സമൂഹത്തെക്കുറിച്ചും അവരുടെ മടങ്ങിവരവ്, തുടർന്നുള്ള ജീവിതം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ചും സർക്കാറിന് കരുതലും ശ്രദ്ധയുമുണ്ട്. പ്രവാസി സമൂഹത്തിനും കേരള സമൂഹത്തിനുമിടയിൽ ഇനി കടലുകളുടെ വിടവുണ്ടാവുകയില്ല.
പ്രവാസികൾക്ക് നിയമസഹായം നൽകുന്നതിന് അതത് രാജ്യങ്ങളിലെ നിയമജ്ഞരെക്കൂടി ഉൾപ്പെടുത്തി നിയമസഹായ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കും. പ്രവാസി കലാകാരൻമാർക്ക് ഇവിടെ വേദിയൊരുക്കുന്നതിനെകുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. പ്രവാസി കലോത്സവ സാധ്യത, സാഹിത്യാഭിരുചിയുള്ള പ്രവാസികളുടെ രചനകൾ പ്രസിദ്ധീകരിക്കൽ എന്നിവയും പരിഗണിക്കും. പ്രവാസി കൂട്ടായ്മക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ കഴിയും. ഇക്കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.