പ്രവാസികൾ കേരളത്തിന്‍റെ അംബാസഡര്‍മാരാകണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്‍റെ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസിത-വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസനപദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുന്നത്. കുറഞ്ഞത് 25 വര്‍ഷംകൊണ്ട് നടപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക കേരളസഭ നയസമീപന രേഖ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നു മാധ്യമ പ്രവർത്തകൻ ശശികുമാര്‍ സ്വീകരിച്ചു. രാജ്യത്ത് അഭിപ്രായസ്വതന്ത്ര്യത്തെക്കാള്‍ വിദ്വേഷ പ്രകടനത്തിനുള്ള സ്വതന്ത്ര്യമാണുള്ളതെന്നും വെളിപ്പെടുത്തലും ആരോപണവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ മാധ്യമങ്ങൾക്കു കഴിയണമെന്നും ശശികുമാർ പറഞ്ഞു.
മീഡിയ അക്കാദമിയുടെ ഇന്ത്യന്‍ മീഡിയ പേഴ്‌സൻ അവാര്‍ഡ് ബര്‍ഖ ദത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്‌കാരം. പ്രശസ്തി പത്രത്തിന്‍റെ അവതരണം ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി ലേഖിക രമ നാഗരാജന്‍ നിര്‍വഹിച്ചു. പ്രവാസി മലയാളികളായ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി ഉപഹാരം സമര്‍പ്പിച്ചു. ശശികുമാറിന്‍റെ മാധ്യമജീവിതം അടയാളപ്പെടുത്തിയ, ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡോക്യുഫിലിമിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷതവഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസിഡന്‍റ് കെ.പി. റെജി എന്നിവര്‍ സംസാരിച്ചു. മീഡിയ അക്കാദമി സെക്രട്ടറി എന്‍.പി. സന്തോഷ് സ്വാഗതവും പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു.
ലോക കേരള സഭക്ക് ഇന്നു തുടക്കം
തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം പതിപ്പ് വ്യാഴാഴ്ച തിരുവനന്തപുരത്ത് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചിന് നിശാഗന്ധിയിൽ പൊതുസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിക്കും.
സ്പീക്കർ എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്‍റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി.കെ. പ്രശാന്ത് എം.എൽ.എ, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം.എ. യൂസുഫലി, റെസി. വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ എം. അനിരുദ്ധൻ, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, അനിത നായർ തുടങ്ങിയവർ പങ്കെടുക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ലോകകേരള സഭ സെഷനുകൾ നിയമസഭ മന്ദിരത്തിൽ നടക്കും. വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര മന്ത്രി വി. മുരളീധരൻ എന്നിവർ സംസാരിക്കും. വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കൊടുവിൽ ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. 351 അംഗങ്ങളാണ് സഭയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.