ചരക്കുനീക്കത്തിന് കുറവു വന്നേക്കുമെന്ന് പ്രതീക്ഷ; ആശ്വാസമാവുമോ ഗ്രീൻഫീൽഡ് പാത
text_fieldsപെരിന്തൽമണ്ണ: നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് സമാന്തരമായി നിലവിലെ ചെറുറോഡുകൾ വീതികൂട്ടിയും പുതുതായി ഭൂമി ഏറ്റെടുത്തും ഭാരത് മാല പദ്ധതിയിൽ ഭൂമിയേറ്റടുക്കലിൽ വരെ എത്തി നിൽക്കുന്നതാണ് ഗ്രീൻഫീൽഡ് പാത. പാത വരുന്നതോടെ എൻ.എച്ച്.എയുടെ നിയന്ത്രണത്തിലെ നിലവിലെ ദേശീയപാത സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ച് ദേശീയപാത ഗ്രീൻഫീൽഡ് പാത ആകാനും സാധ്യതയുണ്ട്.
121 കി.മീ ആണ് ഗ്രീൻഫീൽഡ് പാതക്ക്. ജില്ലയിൽ 52 കി.മി ദൂരമുണ്ട്. ഇതിൽ 238 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. 2020 ഒക്ടോബർ 23നാണ് ദേശീയപാത വിഭാഗം ലാൻഡ് അക്വിസിഷൻ കമ്മിറ്റി അലൈൻമെൻറ് അംഗീകരിച്ചത്. പദ്ധതിക്ക് ഭൂമി ലഭിച്ചാൽ പരമാവധി മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ആലോചന.
കോഴിക്കോട് ബൈപാസിലെ പന്തീരങ്കാവ് വില്ലേജിൽനിന്ന് ആരംഭിച്ച് പെരുമണ്ണ, വാഴയൂർ, എടവണ്ണപ്പാറ, ചീക്കോട്, അരീക്കോട്, കണ്ടാലപ്പറ്റ, കാരക്കുന്ന്, എളങ്കൂർ, ചെമ്പ്രശ്ശേരി, ഒടോംപറ്റ, തുവ്വൂർ, ഇരിങ്ങാട്ടിരി, എടത്തനാട്ടുകര, മണ്ണാർക്കാട്, പൊട്ടശ്ശേരി ഒന്ന്, കരിമ്പ, കല്ലടിക്കോട്, മുണ്ടൂർ, ധോണി, മലമ്പുഴ എന്നീ വില്ലേജുകളിലൂടെയും പ്രദേശങ്ങളിലൂടെയും കടന്നുപോയി പാലക്കാട് പുതുശ്ശേരി വെസ്റ്റിൽ എൻ.എച്ച്. 544ൽ അവസാനിക്കുന്നതാണ് പദ്ധതിയുടെ അലൈൻമെന്റ്.
ഭൂമി ഏറ്റെടുക്കൽ, നിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ, നിർമാണം എന്നീ മൂന്ന് ഘട്ടങ്ങൾക്കായി 7961.27 കോടിയാണ് ഏകദേശ ചെലവ്. ഭൂമിയേറ്റെടുക്കലിന് മാത്രം 762.36 കോടിയാണ് കണക്കാക്കുന്നത്. ദേശീയപാതയിൽ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലൂടെ ചരക്കുനീക്കം അടക്കം ഗ്രീൻഫീൽഡ് പാത വരുന്നതോടെ കുറവുവന്നേക്കും.
വീതികുറഞ്ഞ മേൽപാലം വിനയായി
അങ്ങാടിപ്പുറം: 16 തവണ റെയിൽവേ ഗേറ്റ് അടച്ചിടുന്ന സ്ഥിതിക്ക് പരിഹാരം കാണാൻ അങ്ങാടിപ്പുറത്തെ റെയിൽവേ മേൽപാലത്തിന് കഴിഞ്ഞെങ്കിലും ഗതാഗതക്കുരുക്കിന് തെല്ലും ശമനം വന്നിട്ടില്ല. വീതിയുള്ള ദേശീയപാതയിൽ നിരയൊത്ത് വാഹനങ്ങൾ ഒഴുകിയെത്തി പിന്നീട് വീതികുറഞ്ഞ പാലത്തിൽ പ്രവേശിക്കുന്നതും അതിൽനിന്ന് പുറത്തുകടക്കുന്നതുമാണ് വലിയ കടമ്പ.
റോഡിന്റെ വീതിക്ക് ആനുപാതികമായി പാലം വീതിയില്ലെങ്കിലും ഒരേസമയം എത്തുന്ന വാഹനങ്ങളെ കടത്തിവിടാനുള്ള വിസ്തൃതിയില്ലാത്തതാണ് പ്രശ്നം. ഈ അപകടം ഏറ്റവും ഒടുവിൽ നടന്നത് സെപ്റ്റംബർ 12ന് പുലർച്ച നാലിന് ചരക്ക് ലോറി ഡിവൈഡറിൽ ഇടിച്ചായിരുന്നു. ഓരാടംപാലം മുതൽ മാനത്തുമംഗലം വരെ 4.1 കി.മീ ബൈപാസ് പദ്ധതി അംഗീകരിച്ച് പത്തുകോടി രൂപയും അനുവദിച്ചാണ് 2011 ഏപ്രിലിലോടെ വി.എസ് സർക്കാർ പടിയിറങ്ങുന്നത്. എന്നാൽ, തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാറിൽ നഗരകാര്യ വികസന വകുപ്പ് മന്ത്രിയായ മഞ്ഞളാംകുഴി അലി എം.എൽ.എ കൂടി താൽപര്യമെടുത്താണ് മേൽപാലം കൊണ്ടുവന്നത്. മേൽപാലം വലിയ ആശ്വാസമാണ്, എന്നാൽ, നിലവിലെ പ്രശ്നങ്ങൾക്ക് അയവില്ല.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.