പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം; പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: നിയമനത്തിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ഗവർണർ പുറത്താക്കിയ കാലിക്കറ്റ്, കാലടി സംസ്കൃത സർവകലാശാല വൈസ്ചാൻസലർമാർക്ക് ഹൈകോടതി വിധി നിർണായകമായി മാറും. ഗവർണറുടെ ഉത്തരവ് വ്യാഴാഴ്ച വന്നെങ്കിലും പ്രാബല്യത്തിൽ വരുന്നത് 10 ദിവസം കഴിഞ്ഞാണ്. ഗവർണറുടെ നടപടി പ്രാബല്യത്തിൽ വരുന്നത് ഉത്തരവിറങ്ങി 10 ദിവസം കഴിഞ്ഞാകണമെന്ന് നേരത്തെ ഹൈകോടതി നിർദേശിച്ചിരുന്നു. ഗവർണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനുള്ള സാവകാശമെന്ന നിലയിലാണ് ഈ സമയം അനുവദിച്ചത്.
കാലിക്കറ്റ് വി.സി ഡോ. എം.കെ. ജയരാജും കാലടി വി.സി ഡോ.എം.വി. നാരായണനും ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് തിങ്കളാഴ്ച ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യുമെന്നാണ് വിവരം. നിയമനത്തിൽ യു.ജി.സി റെഗുലേഷൻ വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്. രാജശ്രീയുടെ നിയമനം സുപ്രീംകോടതി നിയമന തീയതി മുതൽ അസാധുവാക്കിയതോടെയാണ് മറ്റ് വി.സിമാരെല്ലാം കുരുക്കിലായത്. സെർച് കമ്മിറ്റി രൂപവത്കരണം, പാനൽ സമർപ്പണം തുടങ്ങിയവയിലെല്ലാം യു.ജി.സി റെഗുലേഷൻ വ്യവസ്ഥക്ക് വിരുദ്ധമായി നടപടികൾ പൂർത്തിയാക്കിയ വി.സിമാരുടെ കാര്യത്തിലാണ് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 11 വി.സിമാരിൽ രണ്ടുപേർ കോടതിവിധിയിലൂടെ പുറത്തുപോയപ്പോൾ അഞ്ചുപേർ കാലാവധി പൂർത്തിയാക്കി. ശേഷിക്കുന്ന നാലുപേർക്കാണ് ഗവർണർ ഹൈകോടതി ഉത്തരവ് പ്രകാരം ഹിയറിങ് നടത്തി രണ്ടുപേരെ പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.