കുടിശ്ശിക കോടികൾ; വിലകൂടിയ മരുന്നുകൾ രോഗിയുടെ ചുമലിൽ
text_fieldsതിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികൾക്കടക്കം മരുന്ന് വാങ്ങിയ തുക കുടിശ്ശികയായതോടെ കുറിപ്പടിയിലെ വിലകൂടിയ മരുന്നുകൾ വാങ്ങേണ്ട ബാധ്യത രോഗിയുടെ ചുമലിൽ. താരതമ്യേന വിലകുറഞ്ഞ മരുന്നുകൾ മാത്രമായി സർക്കാർ ആശുപത്രികളിലെ സ്റ്റോക്കുകൾ പരിമിതപ്പെട്ടതോടെ ഉയർന്ന വില നൽകി സ്വകാര്യ ഫാർമസികളെ ആശ്രയിക്കലേ സാധാരണക്കാരായ രോഗികൾക്ക് നിവൃത്തിയുള്ളൂ.
കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡിന് (കെ.എം.എസ്.സി.എൽ) പുറമേ അത്യാവശ്യം മരുന്നുകൾ അതാത് ആശുപത്രി വികസന സമിതികളുടെ ഫണ്ടുപയോഗിച്ച് വാങ്ങാൻ സർക്കാർ മെഡിക്കൽ കോളജുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ തുക പിന്നീട് സമിതികൾക്ക് സർക്കാർ തിരികെ നൽകുമെന്നാണ് വ്യവസ്ഥ. ഇത്തരത്തിൽ മരുന്നുവാങ്ങിയ ഇനത്തിൽ വിവിധ മെഡിക്കൽ കോളജുകളിലെ വികസനസമിതികൾക്ക് 16.92 കോടി രൂപയാണ് നൽകാനുള്ളത്. മരുന്ന് വിതരണം ചെയ്ത വകയിൽ കെ.എം.എസ്.സി.എല്ലിന് നൽകാനുള്ളതാകട്ടെ 57.09 കോടിയും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജനറൽ ആശുപത്രികൾക്കുവരെ മരുന്ന് നൽകിയ ഇനത്തിൽ 28.67 കോടിയും മെഡിക്കൽ കോളജുകൾക്ക് മരുന്നെത്തിച്ച ഇനത്തിൽ 27.38 കോടിയുമടക്കമാണ് ഈ തുക.
കിട്ടാനുള്ള തുക മുടങ്ങിയതോടെ അത്യാവശ്യഘട്ടങ്ങളിലെ മരുന്നു വാങ്ങലിന് വിനിയോഗിക്കാൻ ആശുപത്രികളുടെ കൈവശം പണമില്ലാതായി.
കെ.എം.എസ്.സി.എൽ വഴിയുള്ള മരുന്നുവിതരണം കാര്യക്ഷമാകാതായതോടെ മരുന്നുഭാരം മുഴുവൻ രോഗിയുടെ ചുമലിലാണ്. മുമ്പ് കുറിപ്പടിയിലെ പകുതി മരുന്നെങ്കിലും ആശുപത്രി ഫാർമസികളിൽനിന്ന് കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ ഭൂരിരാഗവും പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ജീവിതശൈലീരോഗങ്ങൾക്കുള്ള മരുന്നുകൾ ഒരു മാസത്തേക്കുവരെ നൽകുന്ന സ്ഥിതിയുണ്ടായിരുന്നു. സ്റ്റോക് കുറഞ്ഞ സാഹചര്യത്തിൽ കുറഞ്ഞ ദിവസത്തേക്കുള്ള മരുന്നാണ് പലയിടങ്ങളിലും നൽകുന്നത്. ആശുപത്രികളിലെ മരുന്ന് ക്ഷാമം സ്വകാര്യ മരുന്ന് വിൽപന ശാലകൾ ഉപയോഗപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.