അനുഭവങ്ങൾ രചനകളാക്കാൻ ‘കാൻവാസ്’
text_fieldsതിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ കോവിഡ് അതിജീവനകാലം സർഗസൃഷ്ടികളാക്കുന്ന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. അധ്യയനവർഷം പൂർത്തിയാകുംമുമ്പ് വീട്ടിലടച്ചിരിക്കേണ്ടിവന്ന കോവിഡ് കാലം ചിത്രങ്ങളും മറ്റു രചനകളുമായി പുനഃസൃഷ്ടിക്കലാണ് ‘കാൻവാസ്’ എന്ന് പേരിട്ട പരിപാടിയിലൂടെ സമഗ്രശിക്ഷ കേരളത്തിെൻറ (എസ്.എസ്.കെ) നേതൃത്വത്തിൽ നടപ്പാക്കുന്നത്.
കോവിഡ് ഭീതി, പ്രതിരോധമാർഗങ്ങൾ, തടയാനുള്ള ആശയങ്ങൾ, പരിസ്ഥിതി വെല്ലുവിളിയും പുതുകാല സാംക്രമിക രോഗങ്ങളും, സഹജീവി സ്നേഹവും കരുതലും, കോവിഡനന്തര പുതുലോകം, കൊറോണക്കാലത്തെ അടച്ചുപൂട്ടൽ കുട്ടിയും കുടുംബവും എങ്ങനെ ക്രിയാത്മകമായി വിനിയോഗിക്കുന്നു തുടങ്ങിയവയാണ് സൃഷ്ടികളുടെ പ്രമേയം.
ഒന്നിലധികം സൃഷ്ടികൾ തയാറാക്കാം. സർഗസൃഷ്ടികളുടെ ഫോേട്ടാ ഏപ്രിൽ 15നകം പഞ്ചായത്ത് ചുമതലയുള്ള സി.ആർ.സി കോഒാഡിനേറ്റർ/ ട്രെയിനർക്ക് നൽകണം. അസ്സൽ സൃഷ്ടികൾ പ്രദർശനത്തിനായി കുട്ടികൾ തന്നെ സൂക്ഷിക്കണം. പ്രധാനാധ്യാപകർ, അധ്യാപക കൂട്ടായ്മകൾ, ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകൾ തുടങ്ങിയവയിലൂടെ നിർദേശങ്ങൾ കുട്ടികളിലെത്തിക്കാനാണ് എസ്.എസ്.കെ ശ്രമം. കോവിഡ് നിയന്ത്രണകാലം കഴിഞ്ഞ് സൃഷ്ടികൾ ശേഖരിക്കുകയും മികച്ചവക്ക് പ്രോത്സാഹനം നൽകുകയും ചെയ്യും.
പെയിൻറിങ്/ പോസ്റ്റർ രചനക്ക് പുറമെ ഡയറിക്കുറിപ്പുകൾ, പുസ്തക വായനക്കുറിപ്പ്, സിനിമാസ്വാദന കുറിപ്പ്, കഥ, കവിത, ലേഖനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനമാക്കി കോവിഡ്കാലത്തെ ലോകക്കാഴ്ചകൾ എന്ന പ്രമേയത്തിൽ വാർത്താപത്രിക/ കൊളാഷ് എന്നിവയും തയാറാക്കാം.
പെയിൻറിങ്/ പോസ്റ്റർരചനക്ക് ചാർട്ട് പേപ്പർ/ ഡ്രോയിങ് ഷീറ്റ് എന്നിവ ലഭ്യമെങ്കിൽ ഉപയോഗിക്കുന്നതാണ് ഉചിതം. എ3 പേപ്പർ വലുപ്പത്തിൽ പെയിൻറിങ്ങും പോസ്റ്ററും തയാറാക്കണം. പെയിൻറിങ്ങിന് വാട്ടർ/ ഒായിൽ/ അക്രിലിക് കളർ/ ക്രയോൺ എന്നിവ ഉപയോഗിക്കാം. പോസ്റ്ററിൽ ആശയസംവാദം സാധ്യമാകുന്ന മികച്ച വാക്യങ്ങൾ ഉണ്ടാകണം. ഡയറിക്കുറിപ്പുകളിൽ കോവിഡ് പ്രതിരോധകാലത്തെ ഏതെങ്കിലും അഞ്ച് ദിവസങ്ങളിലെ കുറിപ്പുകളാണ് പരിഗണിക്കുക. വായന/ സിനിമാസ്വാദനക്കുറിപ്പ് നാലുമുതൽ പത്തുവരെ പേജുകളിൽ ആവിഷ്കരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.