വന്യജീവി ആക്രമണം തടയൽ; പദ്ധതിക്ക് പണം കണ്ടെത്താന്‍ വിദഗ്ധ സമിതിയായി
text_fieldsതിരുവനന്തപുരം: വന്യമൃഗശല്യം തടയാനുള്ള പദ്ധതിക്ക് പണം കണ്ടെത്താൻ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങിയ വിദഗ്ധസമിതി രൂപവത്കരിച്ചു. സംസ്ഥാന വിഹിതം ഇല്ലാത്തതിനാൽ പദ്ധതി പ്രതിസന്ധിയിലായ സാഹചര്യം കണക്കിലെടുത്താണ് സർക്കാർ അടിയന്തരമായി തീരുമാനം കൈക്കൊണ്ടത്. മനുഷ്യ-വന്യജീവി സംഘര്‍ഷം തടയുന്നതിന് രണ്ട് ഘട്ടങ്ങളിലായി സമര്‍പ്പിച്ച 1,770 കോടി രൂപയുടെ പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള പണം എവിടെ നിന്ന് കണ്ടെത്താം എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി.
സാമ്പത്തിക ലഭ്യതക്കനുസരിച്ച് നടപ്പാക്കേണ്ട ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ തയാറാക്കി നല്‍കാനും സമിതിയെ ചുമതലപ്പെടുത്തി. സംസ്ഥാന വിഹിതം നല്‍കാത്തതിനെ തുടര്‍ന്ന് വന്യജീവി ആക്രമണം തടയാനായി ആവിഷ്കരിച്ച പദ്ധതികളുടെ കേന്ദ്രഫണ്ട് കേരളത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയാത്തത് ‘മാധ്യമം’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തടയുന്നതിന് അഞ്ചുവര്‍ഷത്തേക്ക് നടപ്പാക്കുന്ന പദ്ധതിക്ക് 620 കോടി രൂപയാണ് വേണ്ടിവരുന്നത്. 10 വര്‍ഷത്തേക്ക് നടപ്പാക്കുന്ന മറ്റൊരു പദ്ധതിക്ക് 1150 കോടിയും വേണ്ടിവരും. ഫണ്ട് കണ്ടെത്തുന്നതിനൊപ്പം രണ്ട് റിപ്പോര്‍ട്ടുകളും പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളുമാണ് സമിതി നിര്‍ദേശിക്കേണ്ടത്. മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
വനം-വന്യജീവി വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ ആണ് സമിതി അധ്യക്ഷൺ. ധനവിഭവ സ്പെഷല്‍ ഓഫിസര്‍ മുഹമ്മദ് വൈ. സഫറുല്ല, പ്ലാനിങ് ആന്‍ഡ് ഡെവലപ്മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ്, വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ ഡോ. കുരുവിള തോമസ്, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന് ലീഡ് വൈല്‍ഡ് ലൈഫ് മോണിറ്ററിങ് എക്സ്പര്‍ട്ട് ഡോ. എം. ബാലസുബ്രഹ്മണ്യന് എന്നിവർ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.