ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഒഴിവാക്കണം; പെരിയാർ, ജിന്ന, ആസാദ്, ലോഹ്യ, ഇ.എം.എസ് അകത്ത്
text_fieldsകണ്ണൂര്‍: കണ്ണൂർ സർവകലാശായിൽ കാവിവത്കരണ ആരോപണം ഉയര്‍ന്ന എം.എ പൊളിറ്റിക്സ് ആന്‍ഡ് ഗവേണന്‍സ് സിലബസിൽ സമഗ്ര പൊളിച്ചെഴുത്ത്. സംഘ്പരിവാർ ആചാര്യന്മാരായ എം.എസ്. ഗോൾവാൾക്കൾ, വി.ഡി. സവർക്കർ എന്നിവരുടെ പുസ്തകങ്ങൾ സിലബസിൽനിന്ന് ഒഴിവാക്കി. പകരം ഇരുവരെയും മുൻനിർത്തി ഹിന്ദുത്വ ആശയത്തെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന പുസ്തകങ്ങൾ ഉൾപ്പെടുത്തി. ഇന്ത്യൻ ദേശീയതയുമായി ബന്ധപ്പെട്ട ദ്രാവിഡ, ഇസ്ലാമിക, സോഷ്യലിസ്റ്റ് ധാരകൾ പ്രതിനിധാനം ചെയ്യുന്ന പുസ്തകങ്ങളും സിലബസിൽ ചേർത്തിട്ടുണ്ട്. ഇതിെൻറ ഭാഗമായി മുഹമ്മദലി ജിന്ന, മൗലാനാ ആസാദ്, പെരിയാർ, രാം മനോഹർ ലോഹ്യ, ഇ.എം.എസ് നമ്പൂതിരിപ്പാട് എന്നിവർ എഴുതിയതും അവരെക്കുറിച്ച് പ്രതിപാദിക്കുന്നതുമായ പുസ്തകങ്ങളും സിലബസിൽ ഇടംപിടിച്ചു.
വിവാദ സിലബസിൽ ഉണ്ടായിരുന്ന സംഘ്പരിവാർ ആശയക്കാരായ ബല്‍രാജ് മേധാകിെൻറ 'ഇന്ത്യനൈസേഷൻ; വാട്ട് വൈ ആൻഡ് ഹൗ' എന്ന പുസ്തകവും ദീന്‍ദയാല്‍ ഉപാധ്യായയെക്കുറിച്ചുള്ള പാഠഭാഗവും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ഗാന്ധിയന്‍, നെഹ്റു ആശയങ്ങള്‍കൂടി അറിയാനുള്ള പുസ്തകങ്ങളും സിലബസില്‍ കൂടുതലായി ഉൾപ്പെടുത്തി.
കാവിവത്കരണ ആരോപണം ഉയർന്നതിന് പിന്നാലെ വിവാദ സിലബസ് പരിശോധിക്കാൻ ഡോ. ജെ. പ്രഭാഷും കെ.എസ്. പവിത്രനും ഉള്‍പ്പെട്ട രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് പ്രകാരം ബുധനാഴ്ച ചേർന്ന അക്കാദമിക് കൗൺസിലാണ് സിലബസ് പൊളിച്ചെഴുത്തിന് അംഗീകാരം നൽകിയത്. പ്രതിഷേധം കനത്തതോടെ വിവാദ പുസ്തകങ്ങൾ ഉൾപ്പെട്ട പേപ്പർ മൂന്നാം സെമസ്റ്ററിൽ നിന്ന് നാലാം സെമസ്റ്ററിലേക്ക് മാറ്റിയിരുന്നു. നാലാം സെമസ്റ്റർ തുടങ്ങുന്നതിന് മുമ്പായാണ് അക്കാദമിക് കൗൺസിൽ ചേർന്ന് സിലബസ് പുതുക്കിയത്.
എം.എസ്. ഗോൾവാർക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വചിക്കപ്പെടുന്നു', 'വിചാരധാര', സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്തകങ്ങളാണ് നേരത്തേ സിലബസിൽ ഉൾപ്പെടുത്തിയിരുന്നത്. ഹിന്ദുത്വ ആശയത്തിെൻറ പ്രമാണങ്ങളായി കരുതപ്പെടുന്ന ഇവ പുതിയ സിലബസിൽനിന്ന് പുറത്തായി. പകരം ഫ്രഞ്ച് ചിന്തകൻ ക്രിസ്റ്റോഫ് ജെഫ്റിലോട്ട് എഴുതിയ ഹിന്ദു ദേശീയത എന്ന പുസ്കത്തിൽനിന്ന് വി.ഡി. സവർക്കറെയും എം.എസ്. ഗോൾവാൾക്കറെയുംകുറിച്ചുള്ള ഭാഗങ്ങൾ, ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ പ്രഫസർ ജ്യോതിർമയ ശർമ എഴുതിയ ഹിന്ദുത്വ, ആർ.എസ്.എസും ഇന്ത്യയും എന്നീ പുസ്തകങ്ങളിൽനിന്നുള്ള വി.ഡി. സവർക്കറെയും എം.എസ്. ഗോൾവാൾക്കറെയുംകുറിച്ചുള്ള ഭാഗങ്ങൾ എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹിന്ദുത്വ ആശയത്തെ വസ്തുനിഷ്ഠമായി പരിശോധിച്ച് അവതരിപ്പിക്കുന്നവയാണ് ഈ പുസ്തകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.