സ്വാശ്രയ കോളജുകൾക്ക് കടിഞ്ഞാണിടണമെന്ന് വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: സ്വാശ്രയ കോളജുകൾക്ക് നിയന്ത്രണ സംവിധാനം കൊണ്ടുവരാൻ നിയമ നിർമാണം വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധ സമിതി. സ്വാശ്രയ സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ വളർച്ച ഉന്നത വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരത്തിനും തുല്യതക്കും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ സംരംഭകരെ നിയന്ത്രിക്കാനും ഗുണനിലവാരം ഉയർത്താനും നിയമം വേണമെന്നാണ് മുൻ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായക് അധ്യക്ഷനായ സമിതി സർക്കാറിന് സമർപ്പിച്ച കരട് റിപ്പോർട്ടിലെ ശിപാർശ. സ്വകാര്യ സർവകലാശാലകളുടെയും ഒാഫ് കാമ്പസ് സെൻററുകളുടെയും രഹസ്യപ്രവർത്തനം നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിെൻറ പശ്ചാത്തലത്തിൽ സ്വകാര്യ സർവകലാശാലകളായി ഉയർത്തപ്പെടാൻ സാധ്യതയുണ്ട്. ഇത് വിദ്യാഭ്യാസത്തിെൻറ സമ്പൂർണ വാണിജ്യവത്കരണത്തിേലക്ക് നയിക്കും.
സ്വാശ്രയ സ്ഥാപനങ്ങളുടെ ഫീസും മറ്റ് പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള കേന്ദ്ര നിയമനിർമാണം സംസ്ഥാന സർക്കാറുകളുമായും വിദ്യാഭ്യാസത്തിെൻറ കേന്ദ്ര ഉപദേശക സമിതിയുമായും കൂടിയാലോചിച്ച് നടപ്പാക്കണം. പ്രഫ. കുങ്കും റോയ് (ജെ.എൻ.യു), പ്രഫ. ഗംഗൻ പ്രതാഭ് (കുസാറ്റ് മുൻ വി.സി), പ്രഫ. രാജൻ ഗുരുക്കൾ (ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാൻ), പ്രഫ. എൻ.വി വർഗീസ് (വൈസ്ചാൻസലർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ), കവി പ്രഫ. കെ. സച്ചിദാനന്ദൻ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
ശിപാർശയിൽനിന്ന്...
സ്വാശ്രയ കോളജുകളുടെ അനിയന്ത്രിത വളർച്ച ഉന്നതവിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തിനും തുല്യതക്കും കടുത്ത ഭീഷണിയാണ്. ഇൗ രംഗത്ത് സർക്കാർ/സർവകലാശാല നിയന്ത്രണ സംവിധാനം അപര്യാപ്തമാണ്. ലാഭം മാത്രം ലക്ഷ്യമിട്ട് പണമിറക്കുന്ന നവയുഗ വിദ്യാഭ്യാസ സംരംഭകരെ നിയന്ത്രിക്കാൻ സംവിധാനം വേണം.
സ്വാശ്രയ കോളജ് അധ്യാപകർക്ക് സർവകലാശാലയുടെ നിയമനാംഗീകാരം നിർബന്ധമാക്കണം. യു.ജി.സി റെഗുലേഷൻ 2012 അനുശാസിക്കുന്ന വിലയിരുത്തലും അക്രഡിറ്റേഷനും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നടപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.