ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ: ഇടപെടാൻ സഹോദരനും ബന്ധുക്കളും മുഖ്യമന്ത്രിക്ക് കത്ത് നൽകി
text_fieldsകോട്ടയം: ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധചികിത്സ ഒരുക്കാന്‍ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹോദരനും ബന്ധുക്കളും രംഗത്ത്. ചികിത്സ വിലയിരുത്താൻ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ തറവാട്ടുവീടായ കരോട്ട് വള്ളക്കാലില്‍ താമസിക്കുന്ന അനുജൻ അലക്സ് വി. ചാണ്ടിയും അടുത്ത ബന്ധുക്കളുമടക്കം 42 പേർ ഒപ്പിട്ട കത്താണ് മുഖ്യമന്ത്രിക്ക് നൽകിയത്.
കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് സംശയം പ്രകടിപ്പിക്കുന്ന കത്തിൽ, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നു. വിദഗ്ധ ചികിത്സ നൽകേണ്ട ഘട്ടത്തിൽ കുടുംബം മറ്റ് മാർഗങ്ങൾ തേടുന്നെന്ന ആക്ഷേപവും കത്തിലുണ്ട്. ജര്‍മനിയിലെ ചികിത്സകളുടെ തുടര്‍ച്ചയായി ബംഗളൂരുവിലെ ആശുപത്രിയില്‍ അദ്ദേഹത്തിന് തുടര്‍ചികിത്സ ലഭ്യമാക്കിയിരുന്നെന്നും ഇത് വേണ്ടവിധത്തിൽ നടക്കുന്നില്ലെന്ന് കത്തിൽ പറയുന്നു. നിരന്തരം ചികിത്സ വേണ്ട ഘട്ടമാണെന്നിരിക്കെ, ചെക്കപ്പിന് മാത്രമായാണ് ആശുപത്രിയിൽ പോകുന്നത്.
രോഗം അതിഗുരുതരമായതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അതിനാല്‍ അടിയന്തരമായി വിദഗ്ധ ചികിത്സ ഒരുക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും ചികിത്സ നിരീക്ഷിക്കുന്നതിനും മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കണം. മരുന്നടക്കമുള്ളവ കൃത്യമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ഡോക്ടറെ ഉമ്മൻ ചാണ്ടിക്കൊപ്പം നിയോഗിക്കണം- ഇവർ ആവശ്യപ്പെട്ടു. കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന വാർത്തകൾ പരക്കുന്ന സാഹചര്യത്തിലാണ് പുതുപ്പള്ളിയിലെ ബന്ധുക്കളുടെ കത്ത്. മുഖ്യമന്ത്രിക്കൊപ്പം സ്പീക്കർ, ആരോഗ്യമന്ത്രി എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.
ശാസ്ത്രീയ ചികിത്സ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്നില്ലെന്ന് സമൂഹമാധ്യമങ്ങളിലടക്കം ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞദിവസം, ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിത വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിരുന്നു. അടുത്ത റിവ്യൂവിനായി ബംഗളൂരുവിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് കുടുംബം. മരുന്നും ഭക്ഷണക്രമവും ഫിസിയോതെറപ്പിയും സ്പീച്ച് തെറപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സയാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നതെന്നും ചാണ്ടി ഉമ്മൻ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.