ഉത്തരേന്ത്യൻ ഉഷ്ണതരംഗം സംസ്ഥാനത്ത് മികച്ച കാലവർഷത്തിന് ഇടയാക്കുമെന്ന് വിദഗ്ധർ
text_fieldsതൃശൂർ: ഉത്തരേന്ത്യയിലെ ചുട്ടുപൊള്ളുന്ന അതിതീവ്ര ഉഷ്ണം കേരളത്തിന് മികച്ച കാലവർഷത്തിന് വഴിവെക്കുന്ന പ്രധാനഘടകമാണ്. 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്ന ഡൽഹി, രാജസ്ഥാൻ മേഖലയിലെ ഉഷ്ണതരംഗമാണ് ശക്തമായ മൺസൂൺ പാത്തി രൂപപ്പെടുന്നതിന് പ്രധാനകാരണം. നിലവിൽ പാകിസ്താനിലെ ബലൂചിസ്താൻ മുതൽ ബംഗാൾ ഉൾക്കടൽ വരെ കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന ശക്തമായ മൺസൂൺ പാത്തിക്കു പിന്നിൽ ഈ ഉഷ്ണതരംഗംതന്നെയാണെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ഇത് മൺസൂണിന്റെ വരവ് നേരത്തേ ആക്കാനുള്ള കാരണംകൂടിയാണ്.
സാധാരണ ഈ മാസം 22ന് അന്തമാൻ നികോബാർ ദ്വീപുകളിൽ എത്തുന്ന മൺസൂൺ അവിടെ എത്തിക്കഴിഞ്ഞു. മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കിൽ അഞ്ചുദിവസത്തിനു പിന്നാലെ മൺസൂൺ കേരളത്തിന്റെ തെക്കേ മുനമ്പിൽ എത്തിച്ചേരാനാണ് സാധ്യത. അതേസമയം, അന്തമാനിൽ ചുറ്റിത്തിരിഞ്ഞ് ബംഗാൾ ഉൾക്കടലിൽ എത്താൻ വൈകാനും ഇടയുണ്ട്. ഇവിടെനിന്ന് ശ്രീലങ്കയിൽ എത്തി പിന്നാലെ കേരളത്തിൽ എത്തുന്നതോടെയാണ് മൺസൂണിന് തുടക്കമാവുക. നിലവിലെ സാഹചര്യത്തിൽ 22നുശേഷം മൺസൂൺ കേരളത്തിൽ എത്തും. എന്നാൽ, കേന്ദ്ര കാലാവസ്ഥ വകുപ്പ് 27ന് മൺസൂൺ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഉഷ്ണതരംഗം മാത്രമല്ല, അന്തരീക്ഷത്തിന് 15 കി.മീ. മുകളിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ തള്ളലും അനുകൂലഘടകമാണ്.
കേരളത്തിന്റെ പടിഞ്ഞാറ് തീരത്ത് കടലിൽ കരയോട് ചേർന്നുള്ള തള്ള് വല്ലാതെയാണുള്ളത്. ഒപ്പം ഒമ്പത് കി.മീ. മുകളിലുള്ള ശക്തമായ കിഴക്കൻ കാറ്റും അനുകൂലമാണ്. കിഴക്കൻ കാറ്റ് ചെന്നൈ, തിരുവനന്തപുരം മേഖലകളിലേക്കുകൂടി വ്യാപിച്ച സാഹചര്യം കാര്യങ്ങൾ കൂടുതൽ മഴാനുകൂലമാണ്. ഇതൊക്കെയാണെങ്കിലും അന്തരീക്ഷത്തിൽ ഉണ്ടാവുന്ന ചെറിയ ചുഴികൾപോലും കാലാവസ്ഥ വ്യതിയാന നാളുകളിൽ വൻ മാറ്റങ്ങൾക്ക് കാരണമാവുന്ന സാഹചര്യവും മുന്നിലുണ്ട്. നിലവിൽ അറബിക്കടലിന്റെ വടക്കുണ്ടായ അന്തരീക്ഷച്ചുഴിയും അറബിക്കടലിലെ പടിഞ്ഞാറൻ കാറ്റിന്റെ ശക്തമായ സാന്നിധ്യവും അടുത്ത ദിവസങ്ങളിൽ മഴയൊരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.