സംഭരണകേന്ദ്രത്തിൽ ചാരമായത് കാലാവധി കഴിഞ്ഞ മരുന്നും സർജിക്കൽ സ്പിരിറ്റും
text_fieldsതിരുവനന്തപുരം: കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ (കെ.എം.എസ്.സി.എൽ) മരുന്ന് സംഭരണ കേന്ദ്രങ്ങളില്‍ കത്തിയമര്‍ന്നതില്‍ ബ്ലീച്ചിങ് പൗഡറിനു പുറമെ, കാലാവധി കഴിഞ്ഞ മരുന്നുകളും സര്‍ജിക്കല്‍ സ്പിരിറ്റുമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. 11.22 കോടി രൂപയുടെ നഷ്ടമാണ് കോര്പറേഷന് കണക്കാക്കുന്നത്. തീപിടിത്തം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് കെ.എം.എസ്.സി.എൽ ആരോഗ്യവകുപ്പിന് കൈമാറി. അതിനിടെ, തീപിടിത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ മെഡിക്കല്‍ സര്‍വിസസ് കോര്പറേഷന് വെബ് സൈറ്റും പ്രവര്‍ത്തനരഹിതമായി. മൂന്നുദിവസം അപ്രത്യക്ഷമായ വെബ്സൈറ്റ് വ്യാഴാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്.
2014ല്‍ കാലാവധി കഴിഞ്ഞതും നശിപ്പിക്കുന്നതിനുള്ള അനുമതിക്കായി സൂക്ഷിച്ചിരുന്നതുമായ മരുന്ന് തിരുവനന്തപുരത്തെ സംഭരണശാലയില്‍ കത്തി നശിച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. അതേസമയം അടുത്തിടെ കോവിഡ് വീണ്ടും പടരുന്നെന്ന് കണ്ട് വാങ്ങിക്കൂട്ടിയ മരുന്നുകളും സാനിറ്റൈസർ ഉൾപ്പെടെ ആരോഗ്യ സുരക്ഷാ പദാർഥങ്ങളും കത്തിയമര്ന്നിട്ടുണ്ടെന്നാണ് വിവരം. കാലാവധി അവസാനിക്കാറായ മരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. കാലാവധി അവസാനിക്കാറായ മരുന്ന് വാങ്ങിക്കൂട്ടിയ സംഭവത്തിൽ മുമ്പും കെ.എം.എസ്.സി.എൽ വിവാദത്തിൽപെട്ടിട്ടുണ്ട്.
കോവിഡ് ഒന്നാം തരംഗസമയത്ത് വിപണി വിലയെക്കാള്‍ കൂടിയ വിലക്ക് ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയത് സംബന്ധിച്ച ലോകായുക്ത അന്വേഷണം അന്തിമഘട്ടത്തിലാണ്. തൊണ്ടിമുതലാകേണ്ട ഉപകരണങ്ങള്‍ കത്തിനശിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. തീപിടിത്തം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് കോര്പറേഷന് അധികൃതര്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദേശം നൽകിയിട്ടുണ്ട്. താൽക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി ടെന്‍ഡര്‍ നടപടികള്‍ മറികടന്ന് ഉന്നതര്‍ മരുന്ന് ഇടപാടുകള്‍ നടത്തുന്നെന്നതടക്കമുള്ള ആരോപണങ്ങളുണ്ടെങ്കിലും സ്വതന്ത്ര അന്വേഷണത്തിന് സര്‍ക്കാറോ കോര്‍പറേഷനോ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.