ഭക്ഷണത്തിൽ മാംസാഹാരം ഒഴിവാക്കിയത് വീടുകളിൽ സാധാരണമായതിനാലെന്ന്; ഹൈകോടതിയിൽ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം
text_fieldsകൊച്ചി: വീടുകളിൽ മാംസഭക്ഷണം സർവസാധാരണമായതിനാലാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിൽനിന്ന് അവ നീക്കി ഉണക്കപ്പഴങ്ങൾ പകരം ഉൾപ്പെടുത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈകോടതിയിൽ. വളരെ കുറച്ച് പഴങ്ങൾ മാത്രമാണ് ദ്വീപ് നിവാസികൾ കഴിക്കുന്നതെന്നതിന് പുറമെ, മാംസലഭ്യതയും സൂക്ഷിക്കാനുമുള്ള സൗകര്യം കുറവാണെന്നതും ഈ തീരുമാനത്തിന് കാരണമാണ്.
ഉച്ച ഭക്ഷണത്തിൽനിന്ന് മാംസം ഒഴിവാക്കിയത് ചോദ്യം ചെയ്ത് കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മൽ അഹമ്മദ് ഫയൽ ചെയ്ത പൊതുതാൽപര്യ ഹരജിയിലാണ് വിശദീകരണം.
മെനുവിൽ മാറ്റം വരുത്തിയത് അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കാത്ത സ്റ്റിയറിങ് കം മോണിറ്ററിങ് കമ്മിറ്റിയാണ്. ദേശീയ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം പോഷകാഹാരം കണക്കിലെടുത്താണ് മെനു തയാറാക്കുന്നത്. ഉച്ചഭക്ഷണത്തിൽ മത്സ്യവും മാംസവും നൽകണമെന്ന് പറയുന്നില്ല.
കോഴിയിറച്ചിക്ക് പകരം മീനിെൻറയും മുട്ടയുടെയും അളവ് വർധിപ്പിച്ചിട്ടുണ്ട്. സർക്കാറിതര സംഘടനയെ ചുമതലയേൽപ്പിക്കാൻ തീരുമാനിച്ചിട്ടില്ല.
ദ്വീപിലെ ഡയറി ഫാമുകൾ തുടർച്ചയായി നഷ്ടത്തിലായതിനാലാണ് പൂട്ടാൻ തീരുമാനിച്ചതെന്നാണ് മറ്റൊരു വിശദീകരണം. 2019-20 സാമ്പത്തിക വർഷം 94.87 ലക്ഷവും തൊട്ടടുത്ത സാമ്പത്തിക വർഷം 92.58 ലക്ഷവും നഷ്ടമുണ്ടായി. ബേപ്പൂരിനേക്കാൾ ദൂരം കുറവായതിനാലാണ് മംഗലൂരു തുറമുഖത്തിൽനിന്ന് കപ്പൽ സർവിസുകൾ കൂട്ടാൻ തീരുമാനിച്ചത്. മൂന്ന് ബീച്ച് റിസോർട്ടുകൾക്ക് മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസ് നൽകിയത് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും മദ്യ നിരോധനം നീക്കാൻ തീരുമാനിച്ചിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
ദ്വീപില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരാനുള്ള കരട് വിജ്ഞാപനങ്ങള്‍ക്ക് അംഗീകാരം നൽകുന്നതിന് മുമ്പ് പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്ന മുഹമ്മദ് ഫൈസല്‍ എം.പി അടക്കമുള്ളവരുടെ ഹരജിയെയും ഭരണകൂടം എതിർത്തു. സമാന ആവശ്യങ്ങള്‍ ഉന്നയിക്കുന്ന രണ്ട് ഹരജികള്‍ ഹൈകോടതി നേരത്തേ തള്ളിയതാണെന്ന് അറിഞ്ഞുെകാണ്ട് വീണ്ടും നൽകിയത് നിയമത്തിെൻറ ദുരുപയോഗമാണെന്നാണ് വിശദീകരണം. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കരട് ബില്ലുകള്‍ പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കണമെന്ന ആവശ്യം നിയമത്തില്‍ പറയുന്നില്ല. ലിപിയില്ലാത്ത ജെസേരി എന്ന ഭാഷയാണ് ദ്വീപ് നിവാസികൾ പൊതുവെ ഉപയോഗിക്കുന്നത്. മലയാളം ഒൗദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടില്ല. നിയമങ്ങളും വ്യവസ്ഥകളും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനാണ് ഭരണഘടന നിർദേശിക്കുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.