റിസർച് സ്കോർ മാത്രമല്ല മാനദണ്ഡം; പ്രിയ വർഗീസിന്റെ നിയമനത്തിൽ വിശദീകരണവുമായി സർവകലാശാല
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രഫസർ നിയമനത്തിൽ ഒന്നാം റാങ്ക് നൽകിയതിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല. പ്രിയ വർഗീസിന്റെ ഫാക്കൽറ്റി ഡെവലപ്‌മെന്റിനായി ചെലവഴിച്ച കാലയളവും അക്കാദമിക തസ്തികകളിൽ ഡെപ്യൂട്ടേഷനിൽ ചെലവഴിച്ച കാലയളവും അധ്യാപന തസ്തികയിലെ പരിചയമായി കണക്കാക്കാമെന്നും കൂടുതൽ റിസർച് സ്കോർ ലഭിച്ചതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും കണ്ണൂർ സർവകലാശാല വിശദീകരണക്കുറിപ്പിൽ പറയുന്നു.
അഡ്വക്കറ്റ് ജനറൽ, സർവകലാശാല സ്റ്റാൻഡിങ് കൗൺസിൽ എന്നിവരോട് ഇതുസംബന്ധിച്ച നിയമാഭിപ്രായം തേടിയപ്പോൾ സർവകലാശാല അഭിപ്രായത്തോട് യോജിച്ചുവെന്നും വിശദീകരിക്കുന്നു. പ്രിയ വർഗീസിന്റെ നിയമനം മാനദണ്ഡങ്ങൾ മറികടന്നാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയ ആറുപേരിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗീസിനായിരുന്നു. 156 മാര്‍ക്ക് റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 32 ലഭിച്ചു.
രണ്ടാം റാങ്ക് ജേതാവും 27 വർഷത്തെ അധ്യാപന പരിചയവുമുള്ള ജോസഫ് സക്കറിയയുടെ റിസർച് സ്കോർ 651 ആണ്. എന്നാൽ, അഭിമുഖത്തിൽ പ്രിയ വർഗീസിനേക്കാൾ രണ്ടു മാർക്ക് കുറവാണ്. മൂന്നാം റാങ്കുള്ള സി. ഗണേഷിന് 645 റിസർച് സ്കോർ ലഭിച്ചപ്പോൾ അഭിമുഖത്തിൽ കിട്ടിയത് 28 മാർക്കെന്നും വിവരാവകാശരേഖയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് പ്രിയ വർഗീസിന്റെ നിയമനത്തിൽ വിശദീകരണവുമായി സർവകലാശാല രംഗത്തെത്തിയത്. യു.ജി.സി നിയമത്തിൽ അസോസിയേറ്റ് പ്രഫസർ തസ്തികക്ക് അപേക്ഷിക്കാൻ മറ്റു യോഗ്യതകൾക്കൊപ്പം 75 റിസർച് സ്കോർ മതി. സ്കോർ കൂടിയതുകൊണ്ട് മാത്രം അവർ തിരഞ്ഞെടുക്കപ്പെടണമെന്നില്ല. സ്കോർ കൂടിയ ആൾ തഴയപ്പെട്ടു എന്ന വാദത്തിൽ കഴമ്പില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.