പാക്കേജുകളുടെ പേരിൽ ചൂഷണം: മെഡിസെപ്പിൽ കൈപൊള്ളുന്നു
text_fieldsതിരുവനന്തപുരം: മെഡിസെപ്പിൽ കാഷ്ലെസ് ചികിത്സ അട്ടിമറിച്ചതിന് പിന്നാലെ ജീവനക്കാർക്ക് ഇരുട്ടടിയായി ‘പാക്കേജു’കളുടെ പേരിലെ ചൂഷണവും. പദ്ധതി പ്രഖ്യാപിച്ച സമയത്ത് നൽകിയ ആനൂകൂല്യങ്ങൾ ഓരോന്നായി വെട്ടിക്കുറക്കുന്നതാണ് ഒന്നര വർഷം പിന്നിടുമ്പോഴുള്ള കാഴ്ച. പാക്കേജ് അടിസ്ഥാനത്തിലാണ് മെഡിസെപ്പിൽ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ അനുവദിക്കുന്നത്.
ഒന്നിലധികം അസുഖങ്ങൾക്ക് ഒരേസമയം ചികിത്സ അനുവദിക്കില്ലെന്നതാണ് ഇതിന്റെ മറുവശം. ഒരു അസുഖത്തിന് ചികിത്സയിലിരിക്കെ മറ്റ് അസുഖങ്ങൾക്ക് അതേ ആശുപത്രിയിൽ പണം കൊടുത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണിപ്പോൾ. പാക്കേജ് പരിധിയിൽ വരുന്ന അവകാശപ്പെട്ട തുക മുഴുവനായും രോഗിക്ക് അനുവദിക്കുന്നുമില്ല.
എം.ആർ.ഐ, സി.ടി സ്കാൻ എന്നിവയെല്ലാം ചേർന്നതാണ് പാക്കേജെങ്കിലും ആശുപത്രികൾ ഇവയ്ക്ക് പ്രത്യേകം ബിൽ നൽകും. ഇത് ഇൻഷുറൻസ് കമ്പനി വെട്ടുമെന്നതിനാൽ ഈ ചെലവുകൾ രോഗിയുടെ ചുമലിലാണ്. സർക്കാർ ആശുപത്രികളിലെ ചികിത്സക്ക് പലപ്പോഴും പാക്കേജ് പ്രകാരമുള്ള തുക വേണ്ടി വരില്ല.
ആശുപത്രി അധികൃതർ യഥാർഥ ബിൽ തുക ക്ലയിമിനായി അയക്കുമെങ്കിലും പാക്കേജിൽ ഉൾപ്പെട്ട മുഴുവൻ തുകയും ഉപഭോക്താവിന്റെ ഇൻഷുറൻസ് അക്കൗണ്ടിൽനിന്ന് കുറവുവരുത്തും. ഈ സാഹചര്യത്തിൽ പാക്കേജ് സംവിധാനം ഒഴിവാക്കി ചികിത്സക്ക് ചെലവാകുന്ന തുക അനുവദിക്കുന്ന രീതിയിലേക്ക് പദ്ധതി പുനഃക്രമീകരിക്കണമെന്നാണ് ആവശ്യം.
ആശുപത്രികളിൽനിന്ന് ബിൽ പ്രകാരം സമർപ്പിച്ച ക്ലയിമിലെ തുകയെക്കാൾ കൂടുതലായി ഉപഭോക്താവിന്റെ ഇൻഷുറൻസ് അക്കൗണ്ടിൽനിന്ന് കുറവുവരുത്തുന്നതായും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.