കൊച്ചിയിൽ നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു
text_fieldsകൊച്ചി: കാക്കനാട് കിൻഫ്ര വ്യവസായ പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിൽ കെമിക്കൽ മാലിന്യബോട്ടിലുകൾ പൊട്ടിത്തെറിച്ച് അന്തർ സംസ്ഥാന തൊഴിലാളി മരിച്ചു. രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പഞ്ചാബ് മൊഹാലി സ്വദേശി രാജൻ ഒറാങ്കാണ് (30) മരിച്ചത്. ഇടപ്പള്ളി സ്വദേശി നജീബ് (43), തൃക്കാക്കര തോപ്പിൽ സ്വദേശി സനീഷ് (37), അസം സ്വദേശികളായ കൗശിക്, പങ്കജ് എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ഉപയോഗ ശൂന്യമായ കെമിക്കൽ ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുക്കിവെച്ചിരുന്ന ബോട്ടിലുകളാണ് പൊട്ടിത്തെറിച്ചത്. ആസമയം ഇതുവഴി കാന്‍റീനിലേക്ക് നടന്നുപോയവരാണ് അപകടത്തിൽപെട്ടത്.
ഒറാങ്കിന്‍റെ ശരീര ഭാഗങ്ങൾ ചിതറിയ നിലയിലായിരുന്നു. കമ്പനിയുടെ ബോയിലറിലെ കരാർ ജീവനക്കാരനാണ് ഒറാങ്ക്. സിറ്റി പൊലീസ് കമീഷണർ എ. അക്ബർ, ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരൻ, അസി. പൊലീസ് കമീഷണർ പി.വി. ബേബി, എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഫോറൻസിക് പരിശോധനക്ക് ശേഷം കൂടുതൽ തുടർനടപടികളിലേക്ക് കടക്കും. സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കും.
രാജൻ ഒറാങ്കിന്‍റെ മൃതദേഹം രാത്രി കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സ്ഫോടനം ഉണ്ടായ പ്രദേശത്തുകൂടിയുള്ള സഞ്ചാരം പൊലീസ് നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.