പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി; രണ്ട് നേതാക്കൾക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ രണ്ട് നേതാക്കളെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെൻഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി അറിയിച്ചു.
അതേസമയം, തന്നെ സസ്പെൻഡ് ചെയ്തതിനോട് കെ.പി. അനില്‍കുമാർ രൂക്ഷമായാണ് പ്രതികരിച്ചത്. യോഗ്യതയില്ലാത്ത പലരും ഡി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതായി അനില്‍കുമാർ ആരോപിച്ചു. സസ്പെൻഡ് ചെയ്ത് പേടിപ്പിക്കേണ്ടെന്നും ഡി.സി.സി ഓഫിസിൽ കയറാൻ ആളുകൾ ഇനി ഭയക്കുമെന്നും അനിൽ കുമാർ പറഞ്ഞു. പാർട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പുറത്താക്കുകയും കൂട്ടിക്കൊടുക്കുന്നവനെയും ഇഷ്ടക്കാരനെയും പാർട്ടിക്കകത്ത് വെച്ചുചേർക്കുകയുമാണ് ചെയ്യുന്നത്. പകുതിയിലേറെ പേരും അങ്ങനെ വന്നതാണ്. ഗ്രൂപ്പിനതീതമായ ഒരാളെയെങ്കിലും കാണിക്കാൻ സാധിക്കുമോ. കോൺഗ്രസിലെ പൂരം നാളെ തുടങ്ങും. കാണാനിരിക്കുന്നത് ഇപ്പോൾ പറഞ്ഞറിയിക്കുന്നില്ലെന്നും അനിൽ കുമാർ പ്രതികരിച്ചു.
കോൺഗ്രസ് ഹൈക്കമാൻഡാണ് കേരളത്തിലെ പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക പ്രഖ്യാപിച്ചത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഡി.സി.സി പ്രസിഡന്‍റുമാരുടെ അന്തിമ പട്ടികക്ക് ഹൈകമാൻഡ് അംഗീകാരം നൽകിയത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആണ് ചർച്ചകൾ നടത്തിയത്.
പുതിയ ഡി.സി.സി അധ്യക്ഷന്മാർ:
തിരുവനന്തപുരം- പാലോട് രവി
കൊല്ലം- പി. രാജേന്ദ്ര പ്രസാദ്
പത്തനംതിട്ട - സതീഷ് കൊച്ചുപറമ്പിൽ
ആലപ്പുഴ - ബി. ബാബുപ്രസാദ്
കോട്ടയം- നാട്ടകം സുരേഷ്
ഇടുക്കി -സി.പി. മാത്യു
എറണാകുളം-മുഹമ്മദ് ഷിയാസ്
തൃശൂര്‍ -ജോസ് വെള്ളൂര്‍
പാലക്കാട്- എ. തങ്കപ്പന്
മലപ്പുറം- അഡ്വ. വി.എസ്. ജോയ്
കോഴിക്കോട്- അഡ്വ. കെ. പ്രവീണ്‍ കുമാര്‍
വയനാട്- എൻ.ഡി. അപ്പച്ചൻ
കണ്ണൂർ- മാർട്ടിൻ ജോർജ്
കാസർകോട് -പി.കെ. ഫൈസൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.