തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽ.ഡി.എഫിൽ പൊട്ടിത്തെറി; സി.പി.എമ്മിനെതിരെ സി.പി.ഐയും ആർ.ജെ.ഡിയും, നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് ആവശ്യം
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എൽ.ഡി.എഫിൽ പൊട്ടിത്തെറി. ഘടകകക്ഷികളായ സി.പി.ഐയും ആർ.ജെ.ഡിയുമാണ് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എമ്മിനെതിരെ പരസ്യമായി രംഗത്തെത്തിയത്.
ഇടതു മുന്നണി നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫിൽ തിരുത്തൽ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടു. തെരഞ്ഞെടുപ്പ് മുന്നൊരുക്കം തലസ്ഥാനത്ത് ഉണ്ടായില്ല. തൃശൂരിൽ ബി.ജെ.പിക്ക് കിട്ടിയത് കോൺഗ്രസ് വോട്ടുകളാണെന്നും സി. ദിവാകരൻ ചൂണ്ടിക്കാട്ടി.
എൽ.ഡി.എഫിന്‍റെ ജനപിന്തുണ കുറഞ്ഞെന്ന് ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗീസ് ജോർജ് പറഞ്ഞു. 10 ശതമാനം വോട്ട് കുറഞ്ഞത് ഗൗരവമായി കാണണം. കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണിയിൽ എത്തിയിട്ടും വോട്ട് ഗണ്യമായി കുറഞ്ഞു.
തിരുത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിലും തിരിച്ചടിയാകും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റ് കിട്ടിയേതീരുവെന്നും വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി.
ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ മത്സരിച്ച ഇടതുമുന്നണി ഒരു സീറ്റിൽ മാത്രമാണ് ജയിച്ചത്. ആലത്തൂർ മണ്ഡലത്തിൽ നിന്ന് മന്ത്രി കെ. രാധാകൃഷ്ണൻ 20,111 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കെ. രാധാകൃഷ്ണൻ 4,03,447 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് 3,83,336 വോട്ടും എൻ.ഡി.എ സ്ഥാനാർഥി ഡോ. ടി.എൻ സരസു 1,88,230 വോട്ടും പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.