പാലക്കാട് ബി.ജെ.പിയിൽ പൊട്ടിത്തെറി; നിൽക്കക്കള്ളിയില്ലാതെ ചെയർപേഴ്സന്റെ രാജി
text_fieldsപാലക്കാട്: ജാതിസമവാക്യങ്ങളിൽ തുടങ്ങി, അഴിമതി വിഷയങ്ങളിൽ വരെ ചെയർപേഴ്സനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുവന്ന ബി.ജെ.പി ഭരണനേതൃത്വത്തിൽ നിന്നേറ്റ ഒറ്റപ്പെടലാണ് നഗരസഭ ചെയർപേഴ്സന്റെ രാജിയിലെത്തിയത്. മൂന്നുവർഷം മുമ്പ് ചുമതലയേറ്റ നാൾ മുതൽ ബി.ജെ.പി ഭരണനേതൃത്വത്തിൽ ഐക്യമുണ്ടായിരുന്നില്ല എന്നതിന് കൗൺസിൽ യോഗങ്ങൾ തന്നെ തെളിവാണ്.
അവർ പരസ്യമായി ചെയർപേഴ്സനെതിരെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. ബി.ജെ.പി ഭരണനേതൃത്വത്തിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ചെയർപേഴ്സൻ ഒറ്റപ്പെടുന്നതും സ്ഥിരം കാഴ്ചയായി. ബി.ജെ.പി നേതൃത്വവും ആർ.എസ്.എസും നേരിട്ടിടപെട്ടിട്ടും ഭരണകക്ഷി കൗൺസിലർമാർക്കിടയിൽ ചേരിപ്പോരും പടലപ്പിണക്കവും നിയന്ത്രണാതീതമായി തുടർന്നു. മുൻ ഭരണ നേതൃത്വം കൈയാളിയിരുന്നവരും ഇപ്പോഴത്തെ നഗരസഭ നേതൃത്വത്തിലുള്ളവരും കൗൺസിൽ ഹാളിൽ പരസ്യ പോരിനിറങ്ങി.
കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സന്റെ നിലപാടിനെതിരെ പ്രതിപക്ഷത്തോടൊപ്പം നിലയുറപ്പിച്ചതോടെ പല തീരുമാനങ്ങളും തിരുത്തേണ്ടി വന്നു. ഇത്തരം പശ്ചാത്തലത്തില്‍ നഗരസഭ യോഗം മാസങ്ങളോളം വിളിച്ചുകൂട്ടാതെ ഭരണ പ്രതിസന്ധി സൃഷ്ടിച്ചതിനൊപ്പം ഓണക്കാലത്ത് പത്ത് ദിവസത്തോളം അവധിയില്‍ പ്രവേശിക്കുകയും ചെയ്തു.
വീണ്ടും നഗരസഭ ഭരണം ഏറ്റെടുത്തുവെങ്കിലും ഒരുവിഭാഗം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ സമാന നിലപാട് തുടർന്നു. അഞ്ചും ഏഴും വാര്‍ഡുകളിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ചെയര്പേഴ്സന് ഏകപക്ഷീയ തീരുമാനമെടുത്തുവെന്നാരോപിച്ച് കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍നിന്ന് മൂന്ന് ഭരണസമിതി അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു.
പദ്ധതി ഏഴാം വാർഡ് കൗണ്‍സിലര്‍ അറിഞ്ഞില്ലെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ചെയര്പേഴ്സൻ വഴങ്ങിയില്ല. എന്നാല്‍ ഈ റോഡുമായി ബന്ധപ്പെട്ട പദ്ധതി മുമ്പ് കൗണ്‍സില്‍ അംഗീകരിച്ചതാണെന്നും റദ്ദാക്കാനാകില്ലെന്നും ചെയര്പേഴ്സൻ അറിയിച്ചതോടെയായിരുന്നു ഇറങ്ങിപ്പോക്ക്. സംഭവത്തില്‍ ചെയര്പേഴ്സൻ ക്ഷമ ചോദിച്ചെങ്കിലും അംഗങ്ങള്‍ വഴങ്ങാന്‍ തയാറായില്ല.
മാധവരാജ ക്ലബിന് നികുതി ഒഴിവാക്കിയ സംഭവം, ജിയോ പോളിന്റെ വിഷയം, പരസ്യബോർഡുകളുടെ കരാറിനെത്തുടർന്ന് നഗരസഭക്ക് കോടികൾ നഷ്ടമായ വിവാദം എന്നിവയിലും ബി.ജെ.പി അംഗങ്ങൾ ചേരിതിരിഞ്ഞു. ചേരിതിരിവിലും വെവ്വേറെ നിന്നായിരുന്നു ചെയർപേഴ്സനെതിരെയുള്ള ആക്രമണം.
മാസ്റ്റർ പ്ലാൻ വിഷയത്തിലും വികസനത്തിലും അഴിമതി വിഷയത്തിലും വ്യത്യസ്ത നിലപാടുകളിലായിരുന്നു ബി.ജെ.പി ഭരണനേതൃത്വം. ഏറെനാളായി നഗരസഭയിൽ ബി.ജെ.പി ഭരണസമിതിക്കകത്ത് തുടർന്നിരുന്ന ശീതസമരം ഭരണത്തെയടക്കം സാരമായി ബാധിക്കുന്നതായി ആരോപണമുയർന്നിരുന്നു.
രാജി അഴിമതി മറയ്ക്കാൻ -സി.പി.എം
പാലക്കാട്: നഗരസഭാധ്യക്ഷ പ്രിയയുടെ രാജി നഗരസഭയിലെ അഴിമതി മറയ്ക്കാനെന്ന് സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി. ബി.ജെ.പിയിലെ തമ്മിൽതല്ല് മൂലം വികസനപ്രവർത്തനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്. പല ഘട്ടത്തിലും സി.പി.എം കൗൺസിലർമാർ വിഷയം നഗരസഭയിലടക്കം ഉന്നയിച്ചിരുന്നു. ചെയർപേഴ്സൻ നഗരസഭയിൽ പോലും വരാതെ വിട്ടുനിന്നതിനെതിരെ സി.പി.എം പ്രതിഷേധിച്ചിരുന്നു.
ബി.ജെ.പി ജില്ല നേതൃത്വവും കൗൺസിലർമാരും രണ്ടു തട്ടിലാണ് പ്രവർത്തിക്കുന്നത്. നഗരസഭയിലെ ദൈനംദിന ജോലികൾ പോലും നടക്കാതെ ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ദുർഭരണത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധമുയർത്തുമെന്നും ഏരിയ സെക്രട്ടറി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.
ഭിന്നത പുറത്തുവന്നു -കോൺഗ്രസ്
പാലക്കാട്: പാലക്കാട് നഗരസഭ ഭരണത്തിലെ വികസന മുരടിപ്പും തൊഴുത്തില്‍കുത്തും തമ്മിലടിയും ഭിന്നതയും ചെയര്‍പേഴ്സന്റെ രാജിയോടെ മറനീക്കി പുറത്തുവന്നതായി നഗരസഭ യു.ഡി.എഫ് നേതാക്കളായ കെ. സാജോ ജോണ്‍, സെയ്ത് മീരാന്ബാബു എന്നിവര്‍ പറഞ്ഞു.
മൂന്ന് വര്‍ഷമായി ബി.ജെ.പിയുടെ തമ്മിലടി മൂലം കോംപ്ലക്സും അമൃത് പദ്ധതിയും റോഡ് നവീകരണവും ഭവനരഹിതരുടെ പുനരധിവാസവും മുടങ്ങിയെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചെയർപേഴ്സന്റെ രാജിയിലൂടെ ഗ്രൂപ്പ് വഴക്കിന്റെ മാസ്റ്റർ പ്ലാൻ വിജയിച്ചതായി പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അഭിപ്രായപ്പെട്ടു.
വികസനത്തെ ബാധിക്കും -വെൽഫെയർ പാർട്ടി
പാലക്കാട്: ബി.ജെ.പി അധികാരത്തിൽ വന്നാൽ സംഭവിക്കുന്നതെന്താണെന്ന് സമൂഹത്തിന് ബോധ്യപ്പെടുന്നതാണ് പാലക്കാട് നഗരസഭ ചെയർപേഴ്സന്റെ രാജിയെന്ന് വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ. തൊഴുത്തിൽകുത്തും തമ്മിൽതല്ലും കാരണം കഴിഞ്ഞ മൂന്ന് വർഷവും നഗരസഭയിൽ വികസന മുരടിപ്പും കെടുകാര്യസ്ഥതയുമായിരുന്നു.
പുതിയ പദ്ധതികൾ സമർപ്പിക്കേണ്ടതും കഴിഞ്ഞ പ്രവൃത്തികളുടെ ചെലവ് നൽകേണ്ടതുമായ സമയത്താണ് രാജി എന്നതിനാൽ വികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.