‘കാസ’ക്കെതിരെ നടി ലാലി: ‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്’
text_fieldsകോട്ടയം: പാറമടയിലേക്കുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയ സംഭവം വർഗീയവത്കരിച്ച തീവ്ര ക്രിസ്ത്യൻ വർഗീയ സംഘടനയായ ‘കാസ’ക്കെതിരെ നടി ലാലി പി.എം. കേസിൽ ആദ്യം അറസ്റ്റിലായവരുടെ മതം നോക്കിയാണ് കാസ സംഭവത്തെ വർഗീയവത്കരിച്ചത്. എന്നാൽ, പിന്നീട് ഇതരമതസ്ഥരും പിടിയിലായതോടെ വർഗീയ പ്രചരണം അഴിച്ചുവിട്ടവർ പ്രതിരോധത്തിലാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ലാലി സമൂഹമാധ്യമത്തിൽ പ്രതികരണവുമായി രംഗത്തുവന്നത്.
‘നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺഔട്ട് ആകുന്നത് എന്ത് കഷ്ടമാണ്? ഇനിയെങ്കിലും ഇത്തരം വാർത്തയുടെ തുടക്കത്തിൽ കൂടെ അതിൽ അകപ്പെട്ടിരിക്കുന്നവരുടെ പേരുകളും കൂടി കൊടുക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കുമല്ലോ.... പക്ഷേ എനിക്ക് തോന്നുന്നത് കാസ മുന്നറിയിപ്പ് തന്നത് കളമശ്ശേരി ബോംബ് സ്ഫോടനം കൂടി ആലോചിച്ചായിരിക്കണം എന്നാണ്. Thank you #casa’ എന്നായിരുന്നു ലാലിയുടെ കുറിപ്പ്. ഒപ്പം കാസയുടെ വർഗീയ കുറിപ്പും സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിന്റെ വാർത്ത കട്ടിങ്ങും ലാലി പങ്കുവെച്ചു.
’ഈരാറ്റുപേട്ടയിൽ നിന്നും പിടികൂടപ്പെട്ട ജലാറ്റിൻ സ്റ്റിക്കുകൾ കേരളത്തിന് നൽകുന്നത് ഒരു വലിയ മുന്നറിയിപ്പ്’ എന്നാണ് കാസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സമാന ആരോപണം ബി.ജെ.പി നേതാവ് പി.സി. ജോർജും ഉന്നയിച്ചിരുന്നു. കേസിൽ മുസ്‍ലിംകൾ മാത്രമാണ് പ്രതികൾ എന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ, അറസ്റ്റിലായാവരിൽ വിവിധ മതക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം പാറമടയുമായോ പാറപൊട്ടിക്കൽ തൊഴിലുമായോ ബന്ധപ്പെട്ടവരാണ്.
ആകെ ആറുപേരാണ് ഇതുവരെ കേസിൽ അറസ്റ്റിലായത്. കോട്ടയം തീക്കോയി നടക്കൽ കരയിൽ വെള്ളാപ്പള്ളിയിൽ ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43), ഫൈസി മുഹമ്മദ് ഫാസിൽ (42), കൽതൊട്ടി സ്വദേശി മനോജ് എന്ന് വിളിക്കുന്ന ജോസഫ് മാത്യു (45), കൽതൊട്ടി കടുപ്പിൽ റോയി എബ്രഹാം (46), പൂപ്പാറ പടിക്കപാടത്ത് ബിജു മാണി(43), ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ പി.എ. ഇർഷാദ് (50)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഫൈസി മുഹമ്മദ് ഫാസിലിനെ വണ്ടൻമേട് പൊലീസും ജോസഫ് മാത്യു, റോയി എബ്രഹാം എന്നിവരെ ഉപ്പുതറ പൊലീസും ബിജു മാണിയെ ശാന്തൻപാറ പൊലീസുമാണ് അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്ന് 68 ജലറ്റിൻ സ്റ്റിക്കുകളും 133 ഇലക്ട്രിക് ഡിറ്റനേറ്ററുകളും കണ്ടെത്തി. 210 ഡിറ്റനേറ്ററുകളാണു വാങ്ങിയതെന്ന് ഉപ്പുതറയിൽ നിന്നു പിടിയിലായവർ മൊഴി നൽകി. ബാക്കിയുള്ളവ ഉപയോഗിച്ചു. പാറഖനന, കിണർനിർമാണ തൊഴിലാളികളായ ഇവർ കുളം നിർമാണത്തിനായാണ് ഇവ വാങ്ങിയത്. കുളം നിർമാണം നടക്കുന്ന സ്ഥലത്തിന്റെ ഉടമകളും ഉപ്പുതറ വളകോട് സ്വദേശികളുമായ സജി വർഗീസ്, പ്രിൻസ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇടുക്കിയിലെ പാറമടകളിലേക്ക് അനധികൃതമായി കടത്തിയ സ്‌ഫോടക വസ്തുശേഖരം ശനിയാഴ്ച വണ്ടൻമേട് പൊലീസാണ് പിടിച്ചെടുത്തത്. കേസിൽ ഈരാറ്റുപേട്ട നടയ്ക്കൽ കണ്ടത്തിൽ ഷിബിലി (43)യെ അറസ്റ്റ് ചെയ്തിരുന്നു. സ്ഫോടക വസ്തുക്കൾ കൈമാറിയത് ഈരാറ്റുപേട്ട സ്വദേശി ഫൈസി മുഹമ്മദ് ഫാസിൽ ആണെന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന് ഈരാറ്റുപേട്ട പൊലീസിന്റെ സഹായത്തോടെയാണ് ഫാസിലിനെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കട്ടപ്പന പുളിയന്മലക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ജീപ്പിൽ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടിയത്. 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമാണ് ജീപ്പിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.