പാടത്ത് സ്ഫോടകവസ്തുക്കൾ; തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തി
text_fieldsപത്തനാപുരം: മാങ്കോട് പാടത്ത് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തി. കശുമാവ് പ്ലാന്‍റേഷന്‍, വനമേഖല എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്.
രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിശോധന രണ്ട് മണി വരെ നീണ്ടു. വനംവകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള പാടത്തെ വനം വികസന കോർപറേഷന്‍റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നുമാണ് ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. കൊല്ലത്ത് നിന്നും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും എത്തിയിരുന്നു. ലഭിച്ച വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ജലാറ്റിൻ സ്റ്റിക്കിന്‍റെയും ഡിറ്റനേറ്ററുകളുടെയും ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് സംഘവും വനംവകുപ്പും സ്ക്വാഡിനൊപ്പം പരിശോധന നടത്തിയിരുന്നു. കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മേഖലയിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് രഹസ്യവിവരം നൽകിയിരുന്നു.
അപരിചിതരായവരെ മേഖലയില്‍ കണ്ടതായി പ്രദേശവാസികളായ ചിലർ മൊഴി നൽകിയതായി അറിയുന്നു. കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ദക്ഷിണമേഖലാ റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാർ ഗുരുഡിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.