ലോറിയിൽ സ്‌ഫോടകവസ്തു ശേഖരം: രണ്ടു പേർ കൂടി അറസ്റ്റിൽ
text_fieldsമണ്ണാർക്കാട്: പച്ചക്കറി ലോറിയിൽ ആറേകാൽ ടൺ സ്‌ഫോടക വസ്തു ശേഖരം കടത്തിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിൽ. മലപ്പുറം അയിഞ്ഞിലംപാറ മെൽകാന്നം പുറത്ത് വീട്ടിൽ ഇസ്മയിൽ (41), കരിപ്പൂർ കുമിനിപറമ്പ് കച്ചീരിത്തൊടി വീട്ടിൽ അബ്ദുൾ ബാരി (38) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് കോഴിക്കോട് നിന്ന് പൊലീസ് പിടികൂടിയത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശികളായ ഇളവരശൻ, ശരവണൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇസ്മയിലും ബാരിയും കേസിലെ മൂന്നും നാലും പ്രതികളാണെന്നും ഇവർ ഏജന്‍റുമാരാണെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയു എന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈ.എസ്.പി സുനിൽകുമാർ, സി.ഐ പ്രശാന്ത് ക്ലിന്‍റ്, എസ്.ഐ. ഉമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
സംഭവത്തെ തുടർന്ന് എൻ.ഐ.എ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ ശനിയാഴ്ച മണ്ണാർക്കാടെത്തി അന്വേഷണം നടത്തി. ഒരു പെട്ടിയിൽ 200 ജലാറ്റിൻ സ്റ്റിക്കുകൾ വീതം 250 പെട്ടികളിലായി ആറേകാൽ ടൺ ജലാറ്റിൻ സ്റ്റിക്കുകളാണ് വെള്ളിയാഴ്ച രാത്രി എക്സൈസ് -പൊലീസ് സംഘം പിടികൂടിയത്. ഇതിന് ഒന്നരക്കോടിയിലേറെ വിലമതിക്കും. കോയമ്പത്തൂരിൽ നിന്ന് മത്തനും കാബേജുമായി വന്ന പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. വെള്ളിയാഴ്ച രാത്രിയാണ് മണ്ണാർക്കാട് നൊട്ടമലയിൽ എക്സൈസിന്‍റെ വാഹന പരിശോധനയിലാണ് പിടികൂടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ ജലാറ്റിൻ സ്റ്റിക്കുകൾ അടക്കമുള്ള നിരവധി സ്‌ഫോടക വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനി രമണി അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.