ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തു ശേഖരം പിടികൂടി; പാറമടകളിൽ എത്തിക്കാൻ സൂക്ഷിച്ചതെന്ന് സൂചന
text_fieldsകോട്ടയം: ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽനിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. ഈരാറ്റുപേട്ട പൊലീസ് നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക്, നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉൾപ്പെടെ നിരവധി സ്ഫോടവസ്തുക്കളും കണ്ടെത്തി. അനധികൃത പാറ മടകളിലേക്ക് എത്തിക്കാൻ സൂക്ഷിച്ചതാണെന്നാണ് പൊലീസ് നിഗമനം. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളുമായി ഈരാറ്റുപേട്ട സ്വദേശി ഷിബിലിയെ കട്ടപ്പനയിൽ നിന്ന് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഈരാറ്റുപേട്ട നടക്കൽ കുഴിവേലിൽ റോഡിലെ ഗോഡൗണിൽ കൂടുതൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതായി വിവരം ലഭിച്ചത്. ഷിബിലിയും കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.
അതിനിടെ, കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് പിടിയിലായത്. ഷിബിലിക്ക് സ്ഫോടക വസ്തുക്കൾ നൽകിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഷിബിലിയുടെ ജീപ്പിൽ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.